ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന അവസാന ഏകദിന മത്സരവും വിജയിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 214 ന് ഓള്‍ഔട്ടായി.
ഇതോടെ ഇന്ത്യ 142 റണ്‍സിന്റെ വലിയ വിജയം സ്വന്തമാക്കി. 357 റണ്‍സ് മറികടക്കാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ആറ് ഓറില്‍ തന്നെ ഇംഗ്ലണ്ട് 60-റണ്‍സിലെത്തിയിരുന്നു. എന്നാല്‍ ബെന്‍ ഡക്കറ്റ് പുറത്തായി. 22 പന്തില്‍ നിന്ന് 34 റണ്‍സാണ് താരം എടുത്തത്. ഫിലിപ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്ത്തി.
ടോം ബാന്റണ്‍ (38), ജോ റൂട്ട് (24), ഹാരി ബ്രൂക്ക്(19) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ പിന്നീടിറങ്ങിയവരെ വേഗത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കി. ഗസ് ആറ്റ്ക്കിന്‍സണ്‍(38) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50-ഓവറില്‍ 356 റണ്‍സ് നേടിയിരുന്നു. ഗില്ലിന്റെ സെഞ്ചുറിയും കോലി, ശ്രേയസ് അയ്യര് എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയെ വേഗത്തില്‍ നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ രോഹിത്തിന് അഹമ്മദാബാദില്‍ ആകെ ഒരു റണ്‍ മാത്രമാണ് നേടാനായത്.
എന്നാല്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടന്നു. ഇരുവരും അര്‍ധസെഞ്ചുറിയും തികച്ചു.
എന്നാല്‍ ടീം സ്‌കോര്‍ 122 ല്‍ നില്‍ക്കേ കോലിയെ ആദില്‍ റാഷിദ് മടക്കി. 55 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്സുമടക്കം 52 റണ്‍സാണ് കോലി നേടിയത്. സെഞ്ചുറിയുമായി ഗില്ലും(112) അര്‍ധസെഞ്ചുറിയുമായി ശ്രേയസ് അയ്യരും (78) നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. എന്നാല്‍ ഇരുവരുടെയും വിക്കറ്റ് വീഴ്ത്തി ആദില്‍ റാഷിദ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.