പരിചയം സോഷ്യൽ മീഡിയ വഴി, യുവതിയുമായുള്ള ബന്ധം സമ്മതിച്ച് രാഹുൽ

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ തനിക്കെതിരെ പരാതി നൽകിയ യുവതിയുമായി മുൻപ് ബന്ധമുണ്ടായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സമ്മതിച്ചു. സോഷ്യൽ മീഡിയ വഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടതെന്നാണ് രാഹുൽ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ, പരാതിയിൽ പറയുന്നതുപോലെ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് എസ്.ഐ.ടി സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി നൽകിയ പരാതികളിൽ രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.ക്രൂരമായ പീഡനം, സാമ്പത്തിക ചൂഷണം തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, വിശ്വാസവഞ്ചന, സാമ്പത്തികമായ ചൂഷണം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. യുവതിയെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കേസിലെ പ്രധാന കണ്ടെത്തലുകൾ.പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പുതിയ കേസിൽ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട സ്വദേശിനി ഇമെയിൽ വഴി നൽകിയ പരാതിയിലാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *