ജയിലിൽ സൗകര്യമൊരുക്കാൻ കൈക്കൂലി; ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് സസ്‌പെൻഷൻ. ജയിലിലെ കുറ്റവാളികൾക്ക് പരോളിനും സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിനോദ് കുമാറിനെതിരായ നടപടി വൈകുന്നതിൽ ആക്ഷേപം ശക്തമായിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

ഡിസംബർ 17നാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. കൊടി സുനിയടക്കമുള്ള ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങളൊരുക്കാൻ ഡിഐജി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. സുനിയുടെ ക്വട്ടേഷന്റെ തെളിവുകൾ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടുനിന്നു. ഒരുമാസം വിനോദിന്റെ അക്കൗണ്ടിലേയ്ക്ക് 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40 ലക്ഷവും എത്തിയതായും വിജിലൻസ് കണ്ടെത്തി. പണം വാങ്ങി വിനോദ് കുമാർ ചട്ടവിരുദ്ധമായി പരോളുകൾ അനുവദിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

കൊടി സുനിയെ നിരന്തരമായി ജയിലിൽ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടിൽ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന് കൈമാറിയത്. ജയിലിൽ നിന്നും വിനോദ് കുമാറിനെ മറ്റൊരു പ്രതിയായ അണ്ണൻ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിനുപിന്നാലെ ഗൂഗിൾ പേ വഴിയും പണം കൈമാറി. കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും ഡിഐജി പണം വാങ്ങി. ലഹരിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന മറ്റൊരു പ്രതിയിൽ നിന്നും പണം കൈപ്പറ്റി. ഇത്തരത്തിൽ ഒരു മാസം മാത്രം ശമ്പളം കൂടാതെ അക്കൗണ്ടിലേയ്ക്ക് വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിനോദ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40,80000 രൂപയാണ് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *