കുട്ടികളെ അമ്മയ്‌ക്കൊപ്പം വിടാൻ കോടതി വിധി; വിഷം കൊടുത്ത് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു

കണ്ണൂർ: ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

രാമന്തളി സെന്ററിൽ വടക്കുമ്പാട് റോഡിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.കലാധരനും ഭാര്യയും തമ്മിൽ കുടുംബക്കോടതിയിൽ കേസ് നിലവിലുണ്ട്. കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാൻ കോടതി വിധിച്ചിരുന്നു.

ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞുങ്ങൾക്ക് വിഷം കൊടുത്ത് രണ്ടുപേരും തൂങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.ഉഷയുടെ ഭർത്താവ് പയ്യന്നൂർ ടൗണിലെ ഓട്ടോഡ്രെെവർ എ കെ ഉണ്ണിക്കൃഷ്ണൻ ജോലി കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് എത്തിയപ്പോൾ വീടുപൂട്ടിയതായി കണ്ടു. മുട്ടിവിളിച്ചെങ്കിലും വാതിൽ തുറന്നില്ല. കൂടാതെ സിറ്റൗട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പും ലഭിച്ചു.

പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് വാതിൽ തുറന്നത്.പാചകത്തൊഴിലാളിയായിരുന്നു കലാധരൻ. കോടതി വിധിയെത്തുടർന്ന് കുട്ടികളെ ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ പൊലീസ് ഉണ്ണികൃഷ്ണനെ ഫോണിൽ വിളിച്ച് കുട്ടികളെ ഇന്ന് വിട്ടുകൊടുക്കണമെന്ന് നിർദേശിച്ചിരുന്നു. പിന്നാലെ വീട്ടിലെത്തിയപ്പോഴാണ് ദുരന്തമറിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *