ശബരിമല സ്വർണക്കൊള്ള: അറസ്റ്റെല്ലാം ഇനി തിരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ സിപിഎം നേതാവ് എ.പത്മകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതോടെ തുടർ അറസ്റ്റുകളില്ലാതെ കരുതലോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നീക്കം. കഴിഞ്ഞ മാസം 20ന് ആണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 3 ആഴ്ചയ്ക്കിടെ കേസിൽ പ്രതിചേർത്ത മറ്റുള്ളവരെ പോലും അറസ്റ്റ് ചെയ്യാൻ സംഘം തയാറായിട്ടില്ല.

ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും നടക്കുന്നുണ്ട്. ഇനി തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുകയുള്ളൂ എന്നാണ് സൂചന. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 6 ആഴ്ച കൂടി നൽകിയിട്ടുമുണ്ട്. വിഷയം തണുപ്പിച്ചു നിർത്താനായി ഉന്നതതല നിർദേശത്തെ തുടർന്നാണ് അന്വേഷകർ കടുത്ത നടപടികളിലേക്കു കടക്കാതെ നിൽക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം. സ്വർണക്കൊള്ളയിൽ 2 കേസുകളിലായി 15 പ്രതികളാണുള്ളത്.

ഇതിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ.വാസു, എ.പത്മകുമാർ, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരുൾപ്പെടെ 6 പ്രതികളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പത്മകുമാർ പ്രസിഡന്റും കെ.പി.ശങ്കരദാസ്, പി.വിജയകുമാർ എന്നിവർ അംഗങ്ങളുമായ ബോർഡ് പ്രതിസ്ഥാനത്താണെങ്കിലും 2 അംഗങ്ങളെയും ചോദ്യം ചെയ്തു വിട്ടയച്ചു.

പത്മകുമാർ മറ്റ് ഉന്നതരുടെ പങ്കും എസ്ഐടിയോടെ വെളിപ്പെടുത്തിയെന്നാണു സൂചന. എന്നാൽ ആരിലേക്കും പ്രത്യക്ഷ നടപടികളുണ്ടായിട്ടില്ല. അതേസമയം, ശബരിമല സ്വർണപ്പാളികളുടെ പരിശോധനാ ഫലം ഈ ആഴ്ച ലഭിച്ചേക്കും. കേസിൽ ഏറെ നിർണായകമാണിത്. വിഎസ്‌എസ്‌സിയിലെ ലാബിലാണ് പരിശോധന നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *