വടക്കന്‍ കേരളത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം; പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ ഇനി ഒരു ദിവസം മാത്രം. ഇന്ന് വടക്കന്‍ കേരളത്തില്‍ നിശബ്ദ പ്രചാരണം നടക്കും. രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്.
ഇന്നലെ നടന്ന ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. 70.9 ശതമാനം. പക്ഷേ 2020ലെ തിരഞ്ഞെടുപ്പിനെക്കാള്‍ പോളിംഗ് ശതമാനത്തില്‍ കുറവാണ്. കഴിഞ്ഞ തവണ ഏഴ് ജില്ലകളിലായി 73.79 ശതമാനം പോളിംഗ് ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. എറണാകുളത്താണ് കൂടുതല്‍ പോളിംഗ് 74.58%. കുറവ് പത്തനംതിട്ടയില്‍ 66.78. അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നല്‍കും.
വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലം നിര്‍ത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയില്‍ നാളെ റീപോളിംഗ് നടത്തും. ഡിസംബര്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍.അങ്ങിങ്ങ് ചില അക്രമങ്ങള്‍ ഒഴികെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമയം തീര്‍ന്നപ്പോഴും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര കാണപ്പെട്ടു. ഇവിടങ്ങളില്‍ അവസാന വോട്ടര്‍ക്കു വരെ അവസരം നല്‍കി ഏഴു മണിയോടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്.



