കാമുകി മഹിക ശര്‍മയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ

മുംബയ്: കാമുകി മഹിക ശര്‍മയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ഒരു വ്യക്തിയുടെ സ്വകാര്യതയെപ്പോലും മാനിക്കാതെയുള്ള പാപ്പരാസികളുടെ പ്രവര്‍ത്തിയാണ് സ്റ്റാര്‍ ഓള്‍റൗണ്ടറെ ചൊടിപ്പിച്ചത്. മുംബയിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് മടങ്ങവെയാണ് മഹികയുടെ സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്.

ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹാര്‍ദിക് ഇതിനെതിരെ രംഗത്ത് വന്നത്.കാമുകിയുടെ ചിത്രങ്ങള്‍ മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെയാണ് ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെയാണ് ഹാര്‍ദിക് ശക്തമായി പ്രതികരിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ അതിരുവിടുകയാണെന്നും കുറച്ചൊക്കെ മാന്യതയും മര്യാദയും ആകാമെന്നുമാണ് ഹാര്‍ദിക് കുറിപ്പില്‍ പറയുന്നത്.

സ്ത്രീകളുടെ അന്തസിനെ മാനിക്കാന്‍ പഠിക്കണമെന്നും ഹാര്‍ദിക് ചൂണ്ടിക്കാട്ടി. മാന്യതയുടെ അതിര്‍ത്തി മറികടക്കാതിരിക്കാനും ഉത്തരവാദിത്തതോടെ പെരുമാറാനും മാദ്ധ്യമങ്ങള്‍ ശ്രമിക്കണമെന്നും പാണ്ഡ്യ പറയുന്നു.ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറാവണം. ഒരു സ്ത്രീയും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുന്നത് നിലവാരമില്ലാത്ത പ്രവൃത്തിയാണ്.

സെലിബ്രിറ്റികളാവുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ ശ്രമിക്കുമെങ്കിലും എല്ലാത്തിനും ഒരു അതിരുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ മാദ്ധ്യമസുഹൃത്തുക്കള്‍ മാന്യത കാട്ടണം – ഹാര്‍ദിക് കുറിപ്പില്‍ വ്യക്തമാക്കി.കുറച്ചുകൂടി ജാഗ്രതയോടെ പെരുമാറണമെന്ന് മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ഹാര്‍ദിക് പറഞ്ഞു. എല്ലാം ഇങ്ങനെ ഒപ്പിയെടുക്കാനുള്ളതല്ല. എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല. കുറച്ചൊക്കെ മനുഷ്യത്വം കാത്തുസൂക്ഷിക്കാം, താരം പറഞ്ഞുനിര്‍ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *