അതിജീവതയെ അധിക്ഷേപിച്ച സംഭവത്തില്‍ ആക്റ്റിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

തിരുവനന്തപുരം: അതിജീവതയെ അധിക്ഷേപിച്ച സംഭവത്തില്‍ ആക്റ്റിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. സൈബര്‍ അധിക്ഷേപത്തെത്തുടര്‍ന്ന് യുവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സൈബര്‍ പൊലീസ് ആണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയതിന് പിന്നാലെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി യുവതി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

നേരത്തെ ചോദ്യംചെയ്യലിനായി എ.ആര്‍ ക്യാമ്പിലേക്ക് വിളിച്ചുവരുത്തിയ ശേഷം രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവിടെ ചോദ്യംചെയ്യലിന് ശേഷം സൈബര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട്‌പോകുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പടെയുള്ള നാല് പേരുടെ പോസ്റ്റിന്റെ യുആര്‍എല്‍ ആണ് യുവതി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് നടപടിയെടുത്തത്.

കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നിര്‍ണായക നീക്കം.സമൂഹമാദ്ധ്യമങ്ങള്‍ വഴി യുവതിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ ജില്ല തിരിച്ച് നടപടി സ്വീകരിക്കാനും പ്രത്യേക അന്വേഷണം നടത്താനും അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുലിനെതിരെ മൊഴി നല്‍കിയ ശേഷമാണ് തനിക്കെതിരെയുണ്ടാകുന്ന സൈബര്‍ അധിക്ഷേപങ്ങളെക്കുറിച്ച് യുവതി പരാതി നല്‍കിയത്.

തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളുള്ള ഫേസ് ബുക്ക് യുആര്‍എല്‍ ഐഡികള്‍ അതില്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.അതേസമയം, ലൈംഗിക അധിക്ഷേപത്തില്‍ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്.

എംഎല്‍എയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. പാലക്കാട് നഗരത്തിലെ സിസിടിവികള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്. പാലക്കാടുള്ള എംഎല്‍എയുടെ ഫ്‌ളാറ്റിലും അന്വേഷണ സംഘം എത്തി പരിശോധന നടത്തി. ഇവിടെ കെയര്‍ടേക്കറില്‍ നിന്ന് വിവരങ്ങള്‍ സമാഹരിച്ചു. ബുധനാഴ്ച എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം

Related Articles

Leave a Reply

Your email address will not be published. Required fields are marked *