രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തി; ചടങ്ങിൽ പങ്കെടുത്ത് പ്രമുഖർ

ന്യൂഡൽഹി: നിർമ്മാണം പൂർത്തിയായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനൊന്നേ മുക്കാലോടെ ചടങ്ങുകൾ ആരംഭിച്ചു. ആർ എസ് എസ് മേധാവി മോഹൻ ഭഗവതും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ സന്നിഹിതരായിരുന്നു.

ക്ഷേത്ര ശ്രീകോവിലിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിലാണ് പതാക ഉയർത്തിയത്. നാളെ മുതൽ ക്ഷേത്രം തുറന്നു കൊടുക്കും. ഓം അടയാളപ്പെടുത്തിയ, പ്രകാശം പരത്തുന്ന സൂര്യനെയും, കോവിദാര വൃക്ഷത്തിന്റെ (ബട്ടർഫ്‌ളൈ ട്രീ) ചിത്രവും വരച്ചു ചേർത്ത പതാകയാണ് ഉയർത്തിയത്.ശ്രീരാമന്റെ പ്രഭയും വീര്യവും, രാമരാജ്യത്തിന്റെ ആദർശങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. രാവിലെ 10 പണിയോടെയാണ് മോദി രാമക്ഷേത്ര മേഖലയിലെത്തിയത്.

നിർമ്മാണം പൂർത്തിയാക്കിയ സപ്ത മന്ദിരങ്ങൾ (ഏഴ് ഉപദേവതാ ക്ഷേത്രങ്ങൾ) ആദ്യം സന്ദർശിച്ചു. മഹർഷിമാരായ വസിഷ്ഠൻ,വിശ്വാമിത്രൻ,അഗസ്ത്യൻ,വാൽമീകി,ദേവി അഹല്യ,നിഷാദ് രാജ് ഗുഹ,മാതാ ശബരി എന്നീ ഉപദേവതാ ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ച ശേഷം ശേഷാവ്താർ മന്ദിറിൽ തൊഴുതു.

11 മണിയോടെ മാതാ അന്നപൂർണ ക്ഷേത്രത്തിലെത്തിയ ശേഷം രാമ ദർബാർ ഗർഭഗൃഹത്തിലെത്തി പൂജയിൽ പങ്കെടുത്തു. അതിനു ശേഷമാണ് ശ്രീരാമ സന്നിധിയിലെത്തിയത്. ശ്രീകോവിലിനുള്ളിൽ പ്രാർത്ഥിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തിയായതിന്റെ അടയാളമായാണ് പതാക ഉയർത്തിയത്. ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുണ്യദിനത്തിൽ

പുണ്യമെന്ന് വിശ്വസിക്കപ്പെടുന്ന ശുക്ല പക്ഷത്തിലെ പഞ്ചമി ദിനത്തിലാണ് ധ്വജാരോഹണം. രാമന്റെയും സീതയുടെയും വിവാഹദിനമായി വിശ്വസിക്കുന്ന വിവാഹ പഞ്ചമി ദിനവും ഇന്നാണ്. 17ാം നൂറ്റാണ്ടിൽ അയോദ്ധ്യയിൽ 48 ദിവസം തപസിരുന്ന, 9ാം സിഖ് ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനവുമാണ് ഇന്ന്.

10 അടി ഉയരം, 20 അടി നീളം

വലത് കോണുള്ള, 10 അടി ഉയരവും 20 അടി നീളവുമുള്ള ത്രികോണാകൃതിയിലെ പതാകയാണ് അഹമ്മദാബാദിൽ തയ്യാറാക്കിയത്. കാറ്റിനെയും മഴയെയും ചൂടിനെയും പ്രതിരോധിക്കും. പരമ്പാഗത ഉത്തരേന്ത്യൻ നാഗര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഗോപുരത്തിന് (ശിഖർ) മുകളിലാണ് പതാക ഉയരുക. 100 ടണ്ണിലേറെ പൂക്കൾ ഉപയോഗിച്ച് ക്ഷേത്രമേഖലയാകെ അലങ്കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *