‘രാജ്യത്തിന് ഉറപ്പ് നൽകുന്നു, ഉത്തരവാദികളെ വെറുതെ വിടില്ല’; സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളെ വെറുതെവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് എന്റെ സഹ പൗരന്മാർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കും. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു’- രാജ്നാഥ് സിംഗ് പറയുന്നു. സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ പതിനഞ്ചോളം പേരുടെ നില അതീവ ഗുരുതരമാണ്. ഇവർ എൽഎൻജെപി ആശുപത്രിയിലാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്.8 പേർ മരിച്ചെന്നാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗികമായി പറഞ്ഞത്. കാറിൽ ഉണ്ടായിരുന്നവരുടെ ശരീരഭാഗങ്ങൾ പുറത്തേക്കു ചിതറിയതിനാൽ എത്രപേർ അതിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മുന്നിലും പിന്നിലും ഉണ്ടായിരുന്ന വാഹനങ്ങൾ കത്തിയമർന്നു. അവയിലെ യാത്രക്കാരും വഴിയാത്രക്കാരും ദുരന്തത്തിനിരയായി. മരിച്ചവരിൽ ഉത്തർപ്രദേശ് സ്വദേശി അശോക് കുമാറിനെ തിരിച്ചറിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *