‘ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ല’; പരിപാടിയിൽ നിന്ന് സിപിഎം പ്രവർത്തകർ ഇറക്കിവിട്ടതിൽ ആഞ്ഞടിച്ച് സണ്ണി ജോസഫ്

കണ്ണൂർ: ചാവശ്ശേരിയിലെ റോഡ് ഉദ്ഘാടനത്തിൽ നിന്ന് സിപിഎം പ്രവർത്തകർ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎ എന്ന നിലയിൽ താനാണ് റോഡ് നവീകരണത്തിന് തുക ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നേകാൽ കോടി രൂപ സർക്കാർ അനുവദിച്ചത്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനാണ് പോയത്. ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.

ഇത്‌ ജനങളുടെ പണമാണ്. നവകേരള സദസ് വഴി ഉണ്ടായ വികസനം ആണെങ്കിലും സർക്കാർ ഫണ്ട്‌ വേണ്ടെന്നു പറയില്ല. ആന എലിയെ പ്രസവിച്ചത് പോലെയാണ് തുകയെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളത്തരങ്ങളിലൂടെ ജയിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 2010ലെ പോലെ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

കെപിസിസി പ്രസിഡൻ്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെയാണ് സിപിഎം പ്രവർത്തകർ ഇറക്കിവിട്ടത്. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ.

സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ച് എംഎൽഎയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. എന്നാൽ എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് എംഎൽഎ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. തൊട്ടടുത്ത് തന്നെ യുഡിഎഫ് പ്രവർത്തകർ ഒരുക്കിയ വേദിയിൽ എംഎൽഎ കാര്യങ്ങൾ വിശദീകരിച്ചു.

നവകേരള സദസിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാവൂർ മണ്ഡലത്തിൽ രണ്ട് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചത്. നവകേരള സദസ്സ് തന്നെ ബഹിഷ്കരിച്ച എംഎൽഎ, ക്രെഡിറ്റ് എടുക്കാൻ നോക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പ്രതിഷേധത്തിനൊടുവിൽ നഗരസഭ ചെയർപേഴ്സൺ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *