വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കേരള എക്‌സ്‌പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ട് യുവതികളും ട്രെയിനിന്റെ വാതിൽ ഭാഗത്ത് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാർ യുവതിയെ തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ യുവതിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് യുവതി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ഇരുപതിലധികം മുറിവുകളുണ്ട്,​ ബോധം തിരിച്ചുകിട്ടിയിട്ടില്ല.

ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. തലയിലെ മർദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്.പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാർ പൊലീസ് കസ്റ്റഡിയിലാണ്.

ശനിയാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. കേരള എക്സ് പ്രസിന്റെ എസ്.എൽ.ആർ കോച്ചിലെ യാത്രക്കാരിയായ ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ജനറൽ കമ്പാർട്ട്മെന്റിൽ ആലുവയിൽ നിന്നാണ് ശ്രീക്കുട്ടിയും അർച്ചനയും കയറിയത്. ഇരുവരും സഹയാത്രികരാണ്.പ്രതി കോട്ടയത്തുനിന്നു കയറി. നന്നായി മദ്യപിച്ച ഇയാൾ കയറിയതുമുതൽ അപമര്യാദയായി പെരുമാറിയിരുന്നു. വർക്കല കഴിഞ്ഞപ്പോഴാണ് ശ്രീക്കുട്ടിയും അർച്ചനയും ടോയ്ലെറ്റിലേക്ക് പോയത്.

അർച്ചന ആദ്യം ടോയ്ലെറ്റിൽ കയറി. ശ്രീക്കുട്ടി വാതിക്കൽ നിൽക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതി അവിടേക്ക് എത്തി. വാതിലിൽനിന്നു മാറാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പ്രതികരിച്ചു. ഇതേച്ചൊല്ലി തർക്കമായി. പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ പിന്നിൽനിന്ന് നടുവിന് ചവിട്ടി തള്ളിയിടുകയായിരുന്നു. പിടിവിട്ട് നിലവിളിയോടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *