ബിന്ദു പത്മനാഭന്‍ കൊല്ലപ്പെട്ട കേസില്‍; റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ സി എം സെബാസ്റ്റ്യന്‍ അറസ്റ്റില്‍

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍ കൊല്ലപ്പെട്ട കേസില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ സി എം സെബാസ്റ്റ്യന്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍ ജയ്നമ്മ കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സെബാസ്റ്റ്യന്‍.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. ദല്ലാളായ സോഡാ പൊന്നപ്പന്‍ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നാല് വര്‍ഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പന്‍ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്.
സ്വത്ത് വില്‍ക്കാനായി ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തിനും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് പൊന്നപ്പന്‍ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയില്‍ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും സുഹൃത്തും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. അവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ലഹരി നല്‍കി മയക്കിയശേഷം ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. ഒരു ദിവസം വൈകിട്ട് തന്നെ കാണാന്‍ സെബാസ്റ്റ്യന്‍ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു.
എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പന്‍ പറയുന്നുണ്ട്.2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബര്‍ ഒന്‍പതിന് കുത്തിയതോട് സി ഐ ഓഫീസില്‍ എത്തി. എന്നാല്‍ 70 ദിവസത്തിന് ശേഷം ഡിസംബര്‍ 19നാണ് പ്രഥമ വിവര റിപ്പോര്‍ട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ മൂക്കുകയര്‍ ഇട്ടിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് ഉന്നതര്‍ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.



