ഡി.സി.സി. അധ്യക്ഷന്മാരെ മാറ്റാത്തതിനെതിരേ കോണ്‍ഗ്രസ് ‘നേതൃത്വത്തിനു ധൈര്യമില്ലന്ന് വിമര്‍ശനം

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ മാറ്റാന്‍ പാര്‍ട്ടിനേതൃത്വം ധൈര്യം കാണിക്കുന്നില്ലന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനമുയരുന്നു. ഗ്രൂപ്പ് വഴക്കുകളും ആഭ്യന്തര കലഹങ്ങളും മൂലം നേതൃത്വത്തിനു മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ആക്ഷേപം. സംഘടനാപരിഷ്‌കരണ പ്രഖ്യാപനം നടത്തിയിട്ടും ജില്ലാതല അധ്യക്ഷന്മാരെ മാറ്റാന്‍ പാര്‍ട്ടിനേതൃത്വം ഇതുവരെ ധൈര്യം കാണിച്ചിട്ടില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് പുതിയ കാര്യമല്ല. പതിറ്റാണ്ടുകളായി പാര്‍ട്ടിയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണിത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതുണ്ടാക്കുന്ന ആഘാതം ഏറെ ഗൗരവമുള്ളതാണ്.
ജനങ്ങള്‍ക്കു മുന്നില്‍ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളേണ്ട സമയത്താണ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അഭിപ്രായഭിന്നതകളും കോണ്‍ഗ്രസില്‍ വീണ്ടും തലപൊക്കുന്നത്. തെരഞ്ഞെടുപ്പ് അരികിലെത്തിയ ഘട്ടത്തില്‍ ഇത്തരം ആഭ്യന്തരസംഘര്‍ഷങ്ങള്‍ പാര്‍ട്ടിനിലപാടുകളിലുള്ള വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്യുന്നു.
ഗ്രൂപ്പ് വഴക്കിലെ പ്രധാന പ്രശ്‌നം പാര്‍ട്ടിക്കുള്ളിലെ നേതൃത്വപ്രതിസന്ധിയാണ്. ആധിപത്യമുറപ്പിക്കാനുള്ള പലരുടെയും ശ്രമങ്ങളാണ് പാര്‍ട്ടിയുടെ സമഗ്ര മുന്നേറ്റത്തെ ബാധിക്കുന്നത്. ഇതുവഴി പ്രവര്‍ത്തകരില്‍ നിരാശയും ആശയക്കുഴപ്പവും വളരുന്നു. ജനങ്ങളില്‍ കോണ്‍ഗ്രസിനെക്കുറിച്ച് നെഗറ്റീവ് ഇമേജ് രൂപപ്പെടാനും ഇത്് കാരണമാകുന്നുണ്ട്. കേരളരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ശക്തമായി നിലകൊള്ളണമെങ്കില്‍ ഗ്രൂപ്പ് വഴക്കുകള്‍ക്ക് അറുതിവരുത്തിയേ മതിയാകൂ. പകരം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും വേണം. വ്യക്തിനേതൃത്വത്തിനപ്പുറം കൂട്ടായ്മയെയും ജനങ്ങളുടെ വിശ്വാസത്തെയും മുന്‍നിര്‍ത്തി പാര്‍ട്ടിക്കു മുന്നോട്ടു പോകാനാകണം.
സംസ്ഥാനത്ത് നേതൃത്വം പിടിച്ചടക്കാനുള്ള മത്സരമാണ് ഇപ്പോള്‍ ഗ്രൂപ്പ് വഴക്കായി മാറിയിരിക്കുന്നത്. ജില്ലാതല അധ്യക്ഷന്മാരുടെ സ്ഥാനക്കുരുക്കുകള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയിലാണ്. സംഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നേതൃത്വത്തിനു ധൈര്യമില്ലെങ്കില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നേരിടേണ്ടി വരുന്ന തിരിച്ചടി കൂടുതല്‍ കഠിനമായിരിക്കുമെന്നാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. എന്നാല്‍ നേതൃത്വത്തിന് ആരെയും ഒഴിവാക്കാന്‍ ധൈര്യമില്ല. ‘എന്റെ ആളെ മാറ്റരുതെ’ന്ന നിലപാട് നേതാക്കള്‍ സ്വീകരിച്ചതോടെ സംഘടനാമാറ്റം പ്രഖ്യാപനത്തിലൊതുങ്ങി. ഇതുമൂലം പ്രവര്‍ത്തകര്‍ നിരാശയിലാണ്.
പുതുമുഖങ്ങള്‍ക്ക് അവസരമില്ലാതെ ജില്ലാതലത്തിലെ പഴയ നേതൃത്വത്തിനു തുടര്‍ച്ച ലഭിക്കുന്നതാണ് ഇതിനടിസ്ഥാനം. പാര്‍ട്ടിക്കു പുത്തന്‍ ഉണര്‍വ് വേണമെന്ന പൊതുവായ ആവശ്യം അവഗണിക്കപ്പെട്ടത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തളര്‍ത്തിയിട്ടുണ്ട്.
ജില്ലാ അധ്യക്ഷന്മാരുടെ പ്രഖ്യാപനം വൈകിയതോടെ നേതൃത്വത്തിന്റെപ്രതിച്ഛായ നഷ്ടപ്പെടുന്നതായി വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, ജില്ലാതലത്തില്‍ ഉണര്‍വ് വരുത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സംഘാടനശക്തി നഷ്ടപ്പെട്ട പാര്‍ട്ടിയില്‍ ജനങ്ങളുടെ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഏറെ വിയര്‍ക്കേണ്ടിവരും.