സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളിലും അപവാദപ്രചാരണങ്ങളിലും കേസെടുത്ത് പൊലീസ്

കൊച്ചി: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളിലും അപവാദപ്രചാരണങ്ങളിലും കേസെടുത്ത് പൊലീസ്. ഷൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഒരു പ്രമുഖ ദിനപത്രം, അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലുകള്‍, യൂട്യൂബ് ചാനലുകള്‍ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയ്ക്കെതിരെയാണ് പരാതി.

മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് ഷൈന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പറവൂരിലെ വീട്ടിലെത്തി പൊലീസ് സംഘം ഷൈനിന്റെ മൊഴിയെടുത്തിരുന്നു. അപകീര്‍ത്തികരമായ പോസ്റ്റുകളുടെ ലിങ്കുകളും സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഷൈന്‍ പൊലീസിന് കൈമാറി. പറവൂര്‍ സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് ഷൈനും കുടുംബവും ആരോപിച്ചു. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, താന്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും യൂട്യൂബിലെ ഒരു വീഡിയോ ലിങ്ക് മാത്രമാണ് പങ്കുവച്ചതെന്നും പറഞ്ഞു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഷൈനും ഭര്‍ത്താവ് ഡൈന്യൂസ് തോമസും ആരോപിച്ചു. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പറവൂര്‍ എംഎല്‍എ വി.ഡി. സതീശന്‍ അറിയാതെ ഒന്നും നടക്കില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും തള്ളിക്കളഞ്ഞു.സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇത്തരം വിഷയങ്ങള്‍ പുറത്തുവരാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സിപിഎമ്മിനുള്ളിലെ അധികാര വടംവലിയുടെ ഫലമാണ് ഇത്തരം ആരോപണങ്ങളെന്നും, ജനപ്രതിനിധിയായതുകൊണ്ട് മാത്രം പ്രതിപക്ഷ നേതാവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *