പേരൂർക്കട വ്യാജ മോഷണക്കേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനസിക പീഡനത്തിനിരയായ ആർ ബിന്ദു. മനുഷ്യാവകാശ കമ്മിഷന് രേഖാമൂലം നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ അഭ്യർത്ഥിക്കുന്നുണ്ട്. ബിന്ദുവിന് എംജിഎം പൊന്മുടി വാലി പബ്ളിക് സ്‌കൂളിൽ പ്യൂൺ തസ്‌തികയിൽ ജോലി ലഭിച്ചിരുന്നു. ഇന്നുമുതൽ ജോലിയിൽ പ്രവേശിച്ചു.

വ്യാജ മോഷണക്കേസിൽ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ബിന്ദുവിനെ കുടുക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞതാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെവച്ച് മറക്കുകയായിരുന്നു.

മാല പിന്നീട് ഓമന ഡാനിയൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. മാല വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട എസ്‌എച്ച്‌ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപ‌ടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.സാധാരണ കിടക്കയ്ക്ക് അടിയിലാണ് ഓമന മാല സൂക്ഷിക്കാറുള്ളത്.

എന്നാൽ സംഭവദിവസം സോഫയുടെ അടിയിലാണ് ഓമന മാല വച്ചത്. തുടർന്ന് മാല കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ അന്വേഷണത്തിൽ സോഫയ്ക്ക് അടിയിൽ നിന്ന് മാല കണ്ടെത്തുകയും ചെയ്തു. എന്നാൽ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് ഒരുദിവസം മുഴുവൻ ചോദ്യം ചെയ്തത് ന്യായീകരിക്കാൻ ചവറുകൂനയിൽ നിന്ന് മാല കണ്ടെത്തിയതായി പൊലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *