വിവാദങ്ങളിൽ അടിപതറി നിൽക്കവേ കെ പി സി സി യുടെ ഭാരവാഹി യോഗം ഇന്ന്

ഒന്നിന് പിറകേ ഒന്നായി വരിഞ്ഞു മുറുക്കിയ വിവാദങ്ങളിൽ അടിപതറി നിൽക്കവേ കെ പി സി സി യുടെ ഭാരവാഹി യോഗം ഇന്ന് ചേരും. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണക്കേസും തുടർന്നുണ്ടായ വിവാദങ്ങൾക്കുമിടെയാണ് ഭാരവാഹി യോഗം ചേരുന്നത്. രാവിലെ 11 മണിക്ക് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുക. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാടെടുത്ത നേതാക്കൾക്കെതിരെ ഉണ്ടായ സൈബർ ആക്രമണം യോഗത്തിൽ ചർച്ചയായേക്കും.
ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. വയനാട് ഡിസിസിയുമായി ബന്ധപ്പെട്ട ആത്മഹത്യയും തുടർ സംഭവങ്ങളും യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുമെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.



