നടി ഐശ്വര്യ റായിയുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: നടി ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി. അനുവാദമില്ലാതെ ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോള്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ അനധികൃതമായി ഉപയോഗിച്ചിരിക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അനുവാദം ഇല്ലാതെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നടിയുടെ ഹര്‍ജി. അനുവാദമില്ലാതെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു.
വിവിധ വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി നടിയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി ചൂണ്ടിക്കാട്ടുകയും അനാവശ്യമായി നടിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകൾ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.