‘കൊപ്പത്തെ ഹോട്ടലുടമ പാർട്ണർ, ദുബായ് കമ്പനിയിൽ ജോലിയുണ്ട്’; എല്ലാം സമ്മതിച്ച് പി കെ ഫിറോസ്

കൊപ്പത്തെ ഹോട്ടല്‍ ഉടമ തൻ്റെ പാർട്ണറാണെന്ന് സമ്മതിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ദുബായ് കമ്പനിയില്‍ തനിക്ക് ജോലിയുണ്ടെന്നും ഫിറോസ് സമ്മതിച്ചു. ഇതോടെ കെ ടി ജലീൽ എം എൽ എ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞു. ജലീലിന് മറുപടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഫിറോസ് എല്ലാ കാര്യങ്ങളും സമ്മതിച്ചത്.
കൊപ്പത്തെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് അതിഥികളെ ക്ഷണിച്ചത് താനാണെന്നും അഷറഫ് തന്റെ പാര്‍ട്ണറാണെന്നും ഫിറോസ് പറഞ്ഞു. താന്‍ ബിസിനസ് ചെയ്യുന്ന ആളാണ്. ദുബായിലെ സ്ഥാപനത്തില്‍ താൻ ഫുള്‍ ടൈം ജീവനക്കാരന് അല്ല. ഫുഡ് ട്രേഡിങ് കമ്പനിയാണത്. ജീവനക്കാരെ നിയമിക്കാനുളള അധികാരം കമ്പനിക്കുണ്ട്. ദുബായ് വിസക്ക് പുറമെ അമേരിക്ക, യു കെ എന്നീ രാജ്യങ്ങളുടെ വിസയുണ്ട്. റിവേഴ്സ് ഹവാല ഗുരുതരമായ ആരോപണമാണെന്നും പി കെ ഫിറോസ് പറഞ്ഞു.
ബന്ധു നിയമനം യൂത്ത് ലിഗ് പിടിച്ചപോള് രാജിവെക്കേണ്ടി വന്നുവെന്നും അതിന്റെ പകയാണെന്നുമുള്ള ദുർബല വാദം ഉപയോഗിച്ച് തനിക്കെതിരെയുള്ള ആരോപണം മറച്ചുവയ്ക്കാനും പി കെ ഫിറോസ് വാർത്താ സമ്മേളനത്തിൽ ശ്രമിച്ചു. മന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ വലിയൊരു അഴിമതി പിടിക്കപ്പെടാന്‍ പോവുകയാണെന്നും ഇതിന്റെ വെപ്രാളത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഫിറോസ് അവകാശപ്പെട്ടു.



