നാടകവേദിയില്‍ രക്തഹാരമണിയിച്ചൊരു വിവാഹം, സാക്ഷിയായി കമ്മ്യൂണിസ്റ്റ് നേതാക്കള്‍

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളന വേദി. അരങ്ങിൽ തോപ്പിൽ ഭാസിയുടെ ‘ഷെൽറ്റർ’ നാടകം. നാടകം അവസാനിച്ച് കാണികൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് വമ്പൻ സർപ്രൈസെത്തിയത്. പെട്ടെന്നൊരു അറിയിപ്പെത്തി. പ്രധാന വേഷമിട്ട നടൻ അരങ്ങിൽവെച്ച് വിവാഹിതനാവുകയാണ്. വിപ്ലവ നാടകം കാണാനെത്തിയ നൂറുകണക്കിനാളുകൾ ഒരു വിപ്ലവ കല്യാണത്തിനുകൂടിയാണ് സാക്ഷ്യം വഹിച്ചത്.

നാടകനടൻ മൂവാറ്റുപുഴ സ്വദേശി പ്രശാന്ത് തൃക്കളത്തൂരും നഴ്സായ കൊല്ലം സ്വദേശിനി ചിഞ്ചുവുമാണ് അരങ്ങിൽ വിവാഹിതരായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വധുവിന്റെ കരം പിടിച്ചുനൽകി. ഇരുവർക്കും നാടകത്തോട് വല്ലാത്ത പ്രിയമാണ്. അതുകൊണ്ടുതന്നെ പരസ്പരം ഒന്നിക്കാനുള്ള തീരുമാനത്തിന് നാടകവേദി തന്നെ ഇരുവരും തെരഞ്ഞെടുത്തു. പ്രശാന്തും ചിഞ്ചുവും ട്രെയിൻ യാത്രയ്ക്കിടെയാണ് കണ്ടുമുട്ടിയത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

അരങ്ങിൽവെച്ച് വിവാഹിതനാകണമെന്നത് വലിയ ആഗ്രഹമായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. തോപ്പിൽ ഭാസിയുടെ ഒളിവുജീവിതത്തിലെ ഒരേടാണ് ‘ഷെൽറ്റർ’ നാടകത്തിന്റെ പ്രമേയം. തോപ്പിൽ ഭാസിക്ക് അഭയം നൽകിയതിനെത്തുടർന്ന് മകൻറെ ജീവൻ കൊടുക്കേണ്ടിവന്ന പുലയക്കുടുംബത്തിന്റെ കഥയാണ് നാടകം പറയുന്നത്. മൂവാറ്റുപുഴ റിയൽ വ്യൂ ക്രിയേഷൻസാണ് അവതരിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *