‘മോദി സുഹൃത്ത്, മഹാനായ നേതാവ്, അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് ഇഷ്ടമല്ല’: നിലപാടില്‍ അയഞ്ഞ് ട്രംപ്

ന്യൂയോര്‍ക്ക്: നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണെന്നും തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിനിടെ, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ട്രംപ്.

‘‘നരേന്ദ്ര മോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം മികച്ചൊരു പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. പക്ഷേ ഇപ്പോൾ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്നങ്ങൾ ഉള്ളൂ’’– ഇങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ഇന്ത്യയെയും റഷ്യയേയും നമുക്ക് നഷ്ട‌മായെന്നാണ് തോന്നുന്നത് എന്നാണ് ഇന്നലെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് കുറിച്ചത്. ഇരുണ്ടതും ദുരൂഹവുമായി ചൈനയോടൊപ്പമാണ് അവരെന്ന് പറഞ്ഞ ട്രംപ്, മൂവര്‍ക്കും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്ന് പോസ്റ്റിൽ പരിഹസിക്കുകയും ചെയ്തിരുന്നു. മോദിയുടെയും ഷീ ജിൻപിങ്ങിന്റെയും വ്ലാഡിമിർ പുടിന്റെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്.

അതേസമയം ഇന്ത്യക്കെതിരെയുള്ള ഇരട്ട തീരുവ തുടരുമെന്നും രണ്ടു മാസത്തിനുള്ളിൽ ഇന്ത്യ ക്ഷമാപണം നടത്തുമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലട്നിക് പറഞ്ഞു. വാഷിങ്ടൻ എപ്പോഴും ചർച്ചകൾക്ക് തയാറാണെന്നും റഷ്യൻ എണ്ണയുടെ വാങ്ങൽ വർധിപ്പിച്ചത് ഇന്ത്യ ചെയ്ത തെറ്റാണെന്നും ലുട്നിക് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *