‘ഓണം ഐക്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകം’; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും ഈ ഉത്സവം ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ വേള സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസയിൽ പറഞ്ഞു.
ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികള്‍ ഒത്തുചേരുന്ന ആഘോഷമാണ് ഓണം. വിശാലമായ മനുഷ്യസ്നേഹം നെഞ്ചോടു ചേര്‍ത്തും പരസ്പരം സ്നേഹം പങ്കുവച്ചും സമഭാവനയും സാഹോദര്യവും പകരുന്ന ആനന്ദം നാമോരോരുത്തരും അനുഭവിച്ചറിയുന്നു.
വികസിത കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. അതേസമയം, ഈ മഹോദ്യമത്തെയാകെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിര്‍ത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളമെന്നാല്‍ ഐക്യത്തിന്റേയും സമാധാനത്തിന്റേയും മാതൃകാസ്ഥാനമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം. സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഈ ആഘോഷവേളയില്‍ നമുക്കൊരുമിക്കാം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍- മുഖ്യമന്ത്രി കുറിച്ചു.