ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍ പങ്കെടുക്കും. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐ ടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് സ്റ്റാലിൻ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

സ്റ്റാലിന്‍ വന്നാല്‍ തടയുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഐഎം സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തുന്നത് നാടകവും ജനങ്ങളെ വിഡ്ഢികളാക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഹിന്ദുക്കളോടും അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘അയ്യപ്പഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണം. സ്റ്റാലിനും മകന്‍ ഉദയനിധിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഹിന്ദുക്കളോട് മാപ്പ് പറയണം’, എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.


അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ എം കെ സ്റ്റാലിനെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *