വിവാദത്തിലായ സിപിഎം ഓഫിസ് പ്രവർത്തിക്കുന്നത് കെട്ടിടനമ്പറില്ലാതെ

തൊടുപുഴ ∙ പ്രവർത്തകന്റെ വീട് പണയപ്പെടുത്തി വായ്പയെടുത്തു തിരികെ നൽകാതെ വിവാദത്തിലായ സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫിസ് ഒന്നര വർഷത്തിലേറെയായി പ്രവർത്തിക്കുന്നത് കെട്ടിട നമ്പറില്ലാതെ. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ഭരണമുള്ള കാലത്ത് നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. കെട്ടിടനിർമാണച്ചട്ടങ്ങൾ ലംഘിച്ചതിനാൽ നഗരസഭ നമ്പർ അനുവദിച്ചിട്ടില്ല.
1.73 കോടി രൂപയാണ് നിർമാണച്ചെലവ്. മൂന്നുനില കെട്ടിടം നിർമിക്കുമ്പോൾ മതിയായ പാർക്കിങ് സൗകര്യം വേണമെന്നുള്ള ചട്ടം പാലിച്ചിട്ടില്ല. റോഡിൽനിന്നു ചട്ടപ്രകാരമുള്ള ദൂരപരിധിയും ഇല്ല. നഗരസഭാ എൻജിനീയറിങ് വിഭാഗത്തിന്റെ അനുമതി ലഭിച്ചാലേ റവന്യു വിഭാഗം കെട്ടിട നമ്പർ അനുവദിക്കൂ. നമ്പർ കിട്ടാൻ സിപിഎം നേതാക്കൾ നഗരസഭയിലെ മുൻ അസി. എക്സിക്യൂട്ടീവ് എൻജിനീയറെ ഭീഷണിപ്പെടുത്തിയിരുന്നു.



