രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തേക്ക്; കെപിസിസി നിർദ്ദേശത്തെ തുടർന്നെന്ന് വിവരം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക്. കഴിഞ്ഞ മൂന്നു ദിവസമായി പൊതുപരിപാടികൾ ഒഴിവാക്കി പത്തനംതിട്ട അടൂരിലെ വീട്ടിലായിരുന്നു രാഹുൽ. കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് രാഹുൽ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം.

തനിക്കെതിരായ ആരോപണങ്ങളിൽ ഇന്ന് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് അറിയിച്ചിരുന്ന രാഹുൽ അവസാന നിമിഷം പിന്മാറിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വാർത്താസമ്മേളനമെന്നായിരുന്നു സൂചന. എന്നാൽ രാഹുൽ വാർത്താസമ്മേളനം നടത്തിയാൽ അത് കൂടുതൽ ചർച്ചകൾക്കിടയാക്കുമെന്നതിനാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് വാർത്താ സമ്മേളനം വിലക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

അതിനിടെ ആരോപണങ്ങൾ രൂക്ഷമായതോടെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നതായും സൂചനകളുണ്ട്. എന്നാൽ രാജിവെക്കില്ലെന്നും മാധ്യമങ്ങളെ നേരിൽ കണ്ട് നിലപാട് വ്യക്തമാക്കുമെന്നുമാണ് രാഹുലുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. ഇതിനിടെയാണ് മാധ്യമങ്ങളെ കാണാതെ രാഹുൽ ഒഴിഞ്ഞുമാറിയത്.

ഗർഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിൻറെ മറ്റൊരു ഫോൺ സംഭാഷണം പുറത്തായിരുന്നു. എത്ര നിർബന്ധിച്ചിട്ടും യുവതി ഗർഭഛിദ്രത്തിന് തയ്യാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തുന്നതും രാഹുൽ യുവതിയെ അസഭ്യം പറയുന്നതും ഫോൺ സന്ദേശത്തിൽ വ്യക്തമാകുന്നുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് ഇന്ന് പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *