യൂത്ത്കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോര്, അബിൻ വർക്കി പ്രതിക്കൂട്ടിൽ; ഗ്രൂപ്പിൽ ചർച്ചയ്ക്ക് വിലക്ക്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരി തിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ. വിവാദങ്ങൾ പിന്നിൽ അബിൻ വർക്കിയെന്ന് ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ചർച്ചകൾ വിലക്കി ഗ്രൂപ്പ് അഡ്മിൻ ഓൺലി ആക്കി. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഒന്നിലെറെ യുവതികൾ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരിപ്പോര് ശക്തമായത്. രാഹുൽ വിഷയത്തിൽ സ്ത്രീപക്ഷ നിലപാട് എടുത്തവർക്ക് നേരെ കടുത്ത ആക്രമണവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.അബിൻ വർക്കി, വി പി ദുൽഖിഫിൽ, സ്നേഹ എന്നിവർക്കെതിരെയാണ് ആക്രമണം. രാഹുലിനെ സംഘടനയ്ക്കുള്ളിൽ നിന്നും ഒറ്റിയതാണെന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്.
സംസ്ഥാന ഭാരവാഹികളുടെ ഗ്രൂപ്പിൽ ഒരു കാരിക്കേച്ചർ പങ്കുവച്ചാണ് ചിലർ പ്രതിഷേധം അറിയിച്ചത്. തോളിൽ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറുമെന്നാണ് അടിക്കുറിപ്പോടെ മുന്നിൽ നടക്കുന്ന ബാഹുബലിയെ പിന്നിൽ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രമായിരുന്നു പങ്കുവെച്ചത്. രാഹുൽ പദവിയിൽ തുടരരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച യുവനേതാക്കൾക്ക് നേരെ രൂക്ഷമായ അധിക്ഷേപവും ആക്രമണവുമാണ് ഉണ്ടായത്. ഒറ്റതിരിഞ്ഞ് ഇവരെ ആക്രമിച്ചപ്പോൾ ചിലർ മൗനം പാലിക്കുകയും ചിലർ പ്രതിരോധവുമായി രംഗത്ത് വരികയുമായിരുന്നു.
മണിക്കൂറുകളുടെ ഇടവേളകളിൽ പാലക്കാട് എംഎൽഎ രാഹുലിനെതിരെ ഒന്നിലേറെ യുവതികൾ വിവിധ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ ഗ്രൂപ്പിൽ തമ്മിലടിയും ചേരിപ്പോരും നടന്നിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തലിന്റെ അനുകൂലികളാകാം ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. ചതിയുടെ മുഖ്യ ആയുധം അവന്റെ കള്ളച്ചിരിയാണ്, തിരിച്ചറിയാൻ കഴിയാത്ത ചിരി. ആട്ടിൻതോലിന് പകരം പച്ചതത്തയുടെ കുപ്പായമണിഞ്ഞ ചെന്നായ എന്നൊക്കെയാണ് ചില ഭാരവാഹികൾ സഹഭാരവാഹികളെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊളുത്തി വിട്ടവർ കൂടെ നിന്നവർ തന്നെയെന്നും ഗ്രൂപ്പിൽ ആക്ഷേപം ഉയർന്നിരുന്നു.
യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന ഔദ്യോഗിക ഗ്രൂപ്പ് തന്നെ ഇതോടെ പൂട്ടിച്ചിരിക്കുകയാണ്. ജനറൽ സെക്രട്ടറി പുഷ്പലത ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി മാറ്റി.



