ടി 20 വനിതാ റാങ്കിങ്; ബോളർമാരിൽ ദീപ്തി രണ്ടാമത്, ബാറ്റർമാരിൽ മന്ദാന ആദ്യ മൂന്നിൽ

ഐസിസിയുടെ പുതിയ വനിതാ ടി20 റാങ്കിങ് പുറത്ത്. ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ദീപ്തി ശര്‍മ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം രണ്ടാമതെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ദീപ്തിയെ തുണച്ചത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്.
ഓസ്‌ട്രേലിയയുടെ അന്നബെൽ സതർലാൻഡാണ് ഒന്നാം സ്ഥാനത്ത്. ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇക്ബാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്‌റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്താണ്.
ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന മൂന്നാം സ്ഥാനത്താണ്. ഒമ്പതാം സ്ഥാനത്തുള്ള ഷെഫാലി വര്‍മയാണ് ആദ്യ പന്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ഓസ്‌ട്രേലിയന്‍ താരം ബേത് മൂണിയാണ് ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് രണ്ടാം സ്ഥാനത്താണ്. ഓസീസിന്റെ തഹ്ലിയ മഗ്രാത് നാലാമതും ദക്ഷിണാഫ്രിക്കന്‍ താരം ലോറ വോള്‍വാര്‍ട്ട് അഞ്ചാം സ്ഥാനത്തുമാണ്. ടീം റാങ്കിംഗില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.