ഛത്തീസ്ഗഡിൽ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ് ദള്‍ പ്രതിഷേധം

ഛത്തീസ്ഗഡിൽ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ് ദള്‍ പ്രതിഷേധം. റായ്പൂരിലാണ് സംഭവം. ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ബഹളം വച്ചത്. പ്രാര്‍ഥനയ്ക്കെത്തിയവരെ മര്‍ദിച്ചതായി പാസ്റ്റര്‍ പറഞ്ഞു.
എല്ലാ ഞായാറാഴ്ചകളിലും നടക്കുന്ന പ്രാര്‍ഥനാ യോഗത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. മതപരിവര്‍ത്തനമടക്കം സ്ഥലത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുപതോളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെച്ച് എത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലും തങ്ങളെ മര്‍ദിച്ചുവെന്നാണ് പാസ്റ്ററിന്റെ ആരോപണം. പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നുണ്ട്.
ബി ജെ പി ഭരിക്കുന്ന ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണം നടന്നിരുന്നു. ദിവസങ്ങൾക്ക് മുൻപ് ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ബജ്റംഗ്ദൾ ആക്രമിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയും ചെയ്തിരുന്നു. ഒഡീഷയിൽ ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്.
70ഓളം വരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകർ കൂട്ടത്തോടെ വന്ന് ആക്രമിക്കുകയായിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചാണ് ആക്രമിച്ചത്. രണ്ട് കന്യാസ്ത്രീകളും ഒരു ഉപദേശിയും ഉള്‍പ്പെടെ അഞ്ച് പേരാണ് ആക്രമണത്തിന് ഇരകളായത്.