ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ;പൊലീസ് കോൺസ്റ്റബിളിന്റെ ഭാര്യ ജീവനൊടുക്കി

ലക്‌നൗ: ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ പൊലീസ് കോൺസ്റ്റബിളിന്റെ ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. സൗമ്യ കശ്യപ് എന്ന യുവതിയാണ് മരിച്ചത്. ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും അനുഭവിച്ച പീഡനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സൗമ്യയുടെ വീഡിയോ പൊലീസിന് ലഭിച്ചു.
തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവും ഭർതൃവീട്ടുകാരും തന്നെ പീഡിപ്പിക്കുകയാണെന്നാണ് വീഡിയോയിൽ യുവതി പറഞ്ഞത്. ഭർത്താവിന്റെ സഹോദരനടക്കം ഉപദ്രവിച്ചു. ഭർത്താവിന്റെ അമ്മാവൻ അഭിഭാഷകനാണ്. തന്നെ കൊല്ലാൻ അമ്മാവൻ ഭർത്താവിനോട് പറഞ്ഞു. കൊലക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാമെന്നും അമ്മാവൻ ഉറപ്പുനൽകിയെന്ന് യുവതി കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് നോർത്ത് ലക്‌നൗ പൊലീസ് സ്ഥിരീകരിച്ചു.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചതായി നോർത്ത് ലക്‌നൗ പൊലീസ് ഓഫീസർ ജിതേന്ദ്ര ദുബെ അറിയിച്ചു. വിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വെളിപ്പെടുത്തി.



