ആലപ്പുഴയില്‍ പാര്‍സല്‍ ലോറി തടഞ്ഞ് കോടികള്‍ തട്ടിയ സംഭവം; മുഖ്യപ്രതി തമിഴ്നാട്ടിലെ ബിജെപി നേതാവ്

ആലപ്പുഴ: ആലപ്പുഴയില്‍ പാര്‍സല്‍ ലോറി തടഞ്ഞ് മൂന്ന് കോടി 24 ലക്ഷം രൂപ എട്ടംഗ സംഘം തട്ടിയെടുത്ത കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവ് ദുരൈ അരസുവെന്ന് അന്വേഷണസംഘത്തിന്‌റെ കണ്ടെത്തല്‍. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദുരൈ അരസുവിനെയും, സഹായിയായ പ്രാദേശികനേതാവ് ശ്രീറാമിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ട് ബിജെപി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. നേരത്തെ കേസിൽ ഉൾപ്പെട്ട അഞ്ച് പേർ പൊലീസ് പിടിയിലായിരുന്നു.
കൊള്ളസംഘം സഞ്ചരിച്ച ഒരു വാഹനത്തിന്‌റെ ഉടമയാണ് ശ്രീറാം. രണ്ടുപേരും ബിജെപിയിലെ പ്രമുഖനേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. പണം കൊള്ളയടിക്കാന്‍ കേരളത്തിലെത്തിയ സംഘത്തില്‍ ദുരൈ അരസുവും ഉണ്ടായിരുന്നു. ഇയാള്‍ കൊള്ളസംഘത്തിനോടൊപ്പമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലപ്പുഴ ഹരിപ്പാടിന് സമീപം രാമപുരത്ത് വച്ച് കഴിഞ്ഞ മാസം 13നാണ് പാഴ്‌സല്‍ ലോറി തടഞ്ഞ് മൂന്നു കോടി 24 ലക്ഷം രൂപ കവര്‍ന്നത്.
രാമപുരത്തു നിന്ന് പണം തട്ടിയെടുത്ത ഇവർ കോയമ്പത്തൂരിലേയ്ക്ക് കടക്കുകയായിരുന്നു. കോയമ്പത്തൂരിലെത്തിയ ശേഷം പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന് ശേഷം ഇവർ തിരുപ്പൂരിലേയ്ക്ക് പോകുകയായിരുന്നു. എട്ടംഗസംഘം കവര്‍ച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നാണ് അഞ്ച് പ്രതികളെ കേരള പൊലീസ് അതിസാഹസികമായി പിടികൂടിയത്.
കഴിഞ്ഞ ജൂൺ 13നായിരുന്നു രാമപുരത്ത് ദേശീയപാതയിൽ പാഴ്സൽ ലോറി തടഞ്ഞുനിർത്തി 3.24 കോടി രൂപ കവർന്നത്. ഇതിന് പിന്നാലെയാണ് കേരള പൊലീസ് അതിസാഹസികമായി കേസിലെ അഞ്ച് പ്രതികളെ പിടികൂടിയത്.