ബീഹാറിൽ വോട്ടർ പട്ടിക ക്രമക്കേടിന്റെ വീഡിയോ തെളിവുകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടിക പുതുക്കലിനിടെ വ്യാപക ക്രമക്കേട് നടക്കുകയാണെന്ന് ​ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ കള്ളസംഘമായാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നതെന്ന് വോട്ടർ പട്ടിക ക്രമക്കേടിന്റെ വിഡിയോ തെളിവുകൾ പുറത്തുവിട്ട് രാഹുൽ പറഞ്ഞു.

എക്സിലൂടെയാണ് രാഹുൽ വിഡിയോ തെളിവുകൾ പുറത്ത് വിട്ടത്. വോട്ടർ ഫോമുകൾ ആളുകളുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ പൂരിപ്പിക്കുന്നതിന്റെ വിഡിയോയാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടുകൾ തട്ടിയെടുക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഇതാദ്യമായല്ല തെരഞ്ഞെടുപ്പ് കമീഷനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി രംഗത്തെത്തുന്നത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനിടെ നടന്ന വ്യാപക ക്രമക്കേടുകൾ രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. വോട്ടെടുപ്പ് സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാനാവില്ലെന്നും കമീഷൻ നിലപാടെടുത്തു.

നേരത്തെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകൾക്കിടെ വോട്ടർ പട്ടിക പുതുക്കലിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. വ്യക്തികൾക്ക് വോട്ടർ പട്ടികയിൽ ഇടം നൽകാൻ അവരുടെ ആധാർ,വോട്ടർ ഐ.ഡി,റേഷൻ കാർഡ് എന്നിവ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണമെന്ന് നിലപാടെടുത്തു. വോട്ടറാകാൻ സ്വീകരിക്കുന്ന 11 രേഖകളിൽ ഇവയും വേണമെന്നും കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *