രാഷ്ട്രീയ പോരാട്ടത്തില്‍ വലഞ്ഞ് സര്‍വകലാശാല

കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം പരിഹാരമില്ലാതെ മുന്നോട്ടേക്ക് പോവുകയാണ്. തര്‍ക്കം രൂക്ഷമായതോടെ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്. വി സി സസ്‌പെൻഡ് ചെയ്ത രജിസ്ട്രാര്‍ക്ക് സംരക്ഷണ കവചം ഒരുക്കിയിരിക്കുന്ന സിന്‍ഡിക്കേറ്റിനെതിരെ രാജ്ഭവന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉത്കണ്ഠയോടെ നിരീക്ഷിക്കുന്നത്.
രണ്ട് രജിസ്ട്രാര്‍മാരും ഒരുപോലെ സര്‍വകലാശാലയില്‍ അധികാരത്തില്‍ തുടരുന്നത് വി സി ഉടന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ വിവരം ധരിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ്. വി സി സസ്‌പെൻഡ് ചെയ്ത രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നത് തടയണമെന്നാണ് വി സിയുടെ പ്രധാന ആവശ്യം. ഫയലുകള്‍ അയക്കരുതെന്ന ഉത്തരവ് രണ്ടാം ദിവസവും ഫലം കാണാത്തതോടെയാണ് കടുത്ത നിലപാടിലേക്ക് വി സി നീങ്ങുന്നത്. ഇതോടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കയാണ്.
ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളാണ് കേരള സര്‍വകലാശാലയെ അവതാളത്തിലാക്കിയത്. പുതിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനും, പരീക്ഷാനടത്തിപ്പും, സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളാണ് താളം തെറ്റിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍കുതിപ്പിന് തയ്യാറെടുക്കുന്ന ഒരു സംസ്ഥാനത്താണ് സര്‍വകലാശാല കേവലം രാഷ്ട്രീയ വൈരത്തിന്റെ വിളനിലമായി മാറുന്നത്.
കേരള സര്‍വകലാശാല വി സി പ്രോഫ. മോഹന്‍ കുന്നുമ്മലിനെതിരെ എസ് എഫ് ഐയും ഡി വൈ എഫ് ഐയും കടുത്ത സമരത്തിലാണ്. വി സി ആര്‍ എസ് എസുകാരനാണെന്നും, സര്‍വകലാശാലയെ കാവി വല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് എസ് എഫ് ഐയുടെ ആരോപണം. അവധിയിലായിരുന്ന വി സി കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലയില്‍ വീണ്ടും ചുമതല ഏറ്റത്. എസ് എഫ് ഐയും ഇടതു സംഘനടകളും വി സി ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. വി സി സസ്‌പെൻഡ് ചെയ്ത രജിസ്ട്രാറെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തതും, വി സി പകരം രജിസ്ട്രാറെ നിയമിച്ചതും രാഷ്ട്രീയ പോരാട്ടത്തിന് കരുത്തുപകര്‍ന്നിരിക്കയാണ്. ഇരുവിഭാഗവും ചെറുത്തുനില്‍പ്പും, നിസ്സഹകരണവും തുടരുന്നത് വിദ്യാര്‍ത്ഥികളേയും ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ സര്‍വകലാശാലയെ രാഷ്ട്രീയ പരീക്ഷണശാലയാക്കുന്നതില്‍ നേതാക്കള്‍ മത്സരിക്കുകയാണെന്നാണ് ആരോപണം.
കേരള സര്‍വകലാശാല പലപ്പോഴും രാഷ്ട്രീയ പരീക്ഷണശാലയിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. ഇതില്‍ ഏറ്റവും പ്രസിദ്ധമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ജെ വി വിളനിലം സമരമായിരുന്നു. കേരള സര്‍വകലാശാല വി സി യായിരുന്ന പ്രൊഫ. ജെ വി വിളനിലത്തിന്റെ യോഗ്യത വ്യാജമാണെന്നാരോപിച്ച് എസ് എഫ് ഐയും ഡി വൈ എഫ് ഐയും തിരുവനന്തപുരം നഗരത്തെ യുദ്ധഭൂമിയാക്കി. കേരള സര്‍വകലാശാല വളപ്പില്‍ അന്ന് സമരക്കാര്‍ കത്തിച്ച വാഹനങ്ങള്‍ സമീപകാലംവരെ സ്മാരകമായി കിടപ്പുണ്ടായിരുന്നു.
കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ കാലത്തായിരുന്നു വിളനിലം കേരള സര്‍വകലാശാല വി സിയായിരുന്നത്. സമരം മുറുകിയപ്പോള്‍ ആറുമാസക്കാലം വി സി അവധിയില്‍ പോവേണ്ടിവന്നു. ഭരണവും ഉന്നത വിദ്യാഭ്യാസ വകുപ്പും ഇന്ന് സി പി ഐ എമ്മിന്റെ കൈകളിലാണ്. അതിനാല്‍ അക്രമം തെരുവിലേക്ക് പടരില്ലെന്നും, വാഹനങ്ങള്‍ക്ക് തീയിടില്ലെന്നും പ്രത്യാശിക്കാമെങ്കിലും സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ഈ പ്രക്ഷോഭ സമരം സാരമായി ബാധിച്ചിരിക്കയാണ്.



