മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് അച്ഛൻ

ആലപ്പുഴ മാരാരിക്കുളത്ത് മകളെ അച്‌ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് അമ്മയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുൻപിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.

എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലിയും മറ്റ് കാരണങ്ങളിലും വീട്ടിൽ തർക്കങ്ങൾ ഉണ്ടാകുമായിരുന്നു. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്‌ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി.

ഫ്രാൻസിസിൻ്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. ‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ’- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലിൽ ഫ്രാൻസിസിൻ്റെ കുറ്റസമ്മതം.

എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു. ഫ്രാൻസിസിൻ്റെ ഭാര്യ സിന്ധുവിനെ കേസിൽ പ്രതി ചേർത്തേക്കും.

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്‌കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്‌ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത് പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിനു നൽകിയ മൊഴി.

മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടർന്നു ഫ്രാൻസിസിനെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു. പോസ്റ്റ്മാർട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 11ന് വീട്ടിലെത്തിക്കും. സംസ്‌കാരം 12ന് ഓമനപ്പുഴ സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ. ഭർത്താവ്: പ്രഹിൻ (മനു).

Related Articles

Leave a Reply

Your email address will not be published. Required fields are marked *