കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ്; തട്ടിപ്പിൽ വയോധികയുടെ 2.88 കോടി നഷ്ടമായി

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ വെര്‍ച്വര്‍ അറസ്റ്റ് തട്ടിപ്പില്‍ വയോധികയ്ക്ക് നഷ്ടമായത് 2 കോടി 88 ലക്ഷത്തി പതിനായിരം രൂപ. കേരളത്തില്‍ നടന്ന വെര്‍ച്വല്‍ തട്ടിപ്പില്‍ ഒരു വ്യക്തിയില്‍ നിന്നും തട്ടിയെടുത്ത ഏറ്റവും വലിയ തുകയാണിത്. ജെറ്റ് എയര്‍വേയ്സ് മുന്‍ മേധാവി നരേഷ് ഗോയലുമായി ബന്ധപ്പെട്ട 538 കോടിയുടെ തട്ടിപ്പുമായി 59കാരിക്ക് ബന്ധമുണ്ടെന്നും ഇതില്‍ നിന്നും 25 ലക്ഷം രൂപ ഇവര്‍ക്ക് കമ്മീഷനായി ലഭിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ വയോധികയെ വിശ്വസിപ്പിച്ചു.
മുംബൈയിലെ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ ഈ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് വീഡിയോ കോള്‍ വഴി വയോധികയെ വെര്‍ച്വല്‍ അറസ്റ്റിലാക്കിയത്. ഇക്കഴിഞ്ഞ ജൂലായ് 10നും ഓഗസ്റ്റ് 30നും ഇടയില്‍ സ്വര്‍ണം പണയം വച്ചും കൈയിലുള്ള മറ്റ് സാധനങ്ങള്‍ വിറ്റുമാണ് തട്ടിപ്പുകാര്‍ക്ക് വയോധിക പണം നല്‍കിയത്.
പൊലീസ് സ്റ്റേഷനില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോള്‍ സംശയത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തട്ടിപ്പിനിരയായ വിവരം തുറന്നു പറഞ്ഞത്. വയോധിക മട്ടാഞ്ചേരി പൊലീസില്‍ നല്കിയ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോര്‍ട്ട് റൂം ഡ്രാമ സെറ്റ് ചെയ്താണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. പ്രായമായ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തിയാണ് തട്ടിപ്പുകാർ വലയിലാക്കുന്നത്.