ലൈംഗിക ഉത്തേജന മരുന്ന് കഴിച്ചു, 29-കാരൻ മരിച്ച നിലയിൽ

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്. ഗുരുഗ്രാമിലെ സെക്ടർ 53-ലെ തന്റെ മുറിയിലാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ രോഹിത് ഫോൺ എടുക്കാത്തതിനെത്തുടർന്ന് കൂടെ ജോലി ചെയ്യുന്ന ആൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി. ഇവർ മുറിയുടെ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് പറയുന്നതനുസരിച്ച് രോഹിത് തന്റെ പ്രതിശ്രുതവധുവിനെ കാണാനായി ക്ഷണിച്ചിരുന്നു. അവരെ കാണാൻ പോകുന്നതിനു മുമ്പായി ഇയാൾ ലൈംഗികശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്ന് കഴിച്ചു. ഇതിന്റെ ഡോസ് അമിതമായതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രോഹിത്തിന്റെ മുറിയിൽ നിന്ന് ലൈംഗിക ശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. യഥാർഥ മരണകാരണം വ്യക്തമാകാൻ മരുന്നുകളുടെ അവശിഷ്ടങ്ങളും ആന്തരിക അവയവങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിസറ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.



