ഷാഫി പറമ്പിലിന് കിട്ടിയ ലീഡ് ഭൂരിഭാഗവും ലീഗ് വോട്ടെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗിന്‍റെ പ്രമേയം. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റി പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ ലീഗിനുണ്ടായത് മികച്ച നേട്ടമാണ്. ഷാഫി പറമ്പിലിന് കിട്ടിയ ലീഡിൽ ഭൂരിഭാഗവും ലീഗ് വോട്ടാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് നാദാപുരത്തെ വലിയ വിഭാഗം ജനം ലീഗുമായി അടുത്തു. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പ്രമേയത്തിൽ പറയുന്നത്. നാദാപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനാണ് യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മറ്റിയുടെ തീരുമാനം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു പ്രധാനപ്പെട്ട മണ്ഡലങ്ങൾ വെച്ചുമാറാൻ ലീ​ഗിലും കോൺ​ഗ്രസിലും ധാരണയായിട്ടുണ്ട്. ചേലക്കര ലീഗിന് വിട്ടുനൽകി കോങ്ങാടുമായി വച്ചുമാറാനാണ് തീരുമാനമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസും ലീഗും ചർച്ച നടന്നു. സീറ്റുകൾ വെച്ചുമാറാൻ ഇരുവർക്കും സമ്മതമെന്നാണ് സൂചന. എന്നാൽ മണ്ഡലങ്ങളിൽ ഏത് സ്ഥാനാർത്ഥികളെ ഇറക്കുമെന്ന ആശങ്കയിലാണ് പാർട്ടികൾ.

സീറ്റ് വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട് തൃശൂരിലെ കുന്നംകുളത്താണ് ഇരുപാർട്ടികളിലേയും നേതാക്കൾ തമ്മിൽ ചർച്ച നടന്നത്. വിഡി സതീശന്‍റെ പുതുയു​ഗ യാത്ര കുന്നംകുളത്ത് എത്തിയപ്പോൾ കോൺ​ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീ​ഗ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് രണ്ടു സീറ്റുകൾ വെച്ചുമാറാൻ ധാരണയായത്. കോങ്ങാട് മണ്ഡലത്തിൽ യു സി രാമനാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. ഇത്തവണ വികെ ശ്രീകണ്ഠന്‍റെ ഭാര്യ കെഎ തുളസിയെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. നേരത്തെ, ഒറ്റപ്പാലത്ത് നിന്നും ചേലക്കരയിൽ നിന്നും കെ എ തുളസി മത്സരിച്ചിരുന്നു. ചേലക്കരയിൽ കെ രാധാകൃഷ്ണനോട് തുളസി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇടവേളയ്ക്ക് ശേഷം തുളസി വീണ്ടും മത്സര രംഗത്തേക്കെത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *