വയനാട് ഫണ്ട് തട്ടിപ്പിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയ നേതാക്കൾക്കെതിരെ പ്രതികാര നടപടിയുമായി യൂത്ത് കോൺഗ്രസ്

വയനാട് ഫണ്ട് തട്ടിപ്പിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയ നേതാക്കൾക്കെതിരെ പ്രതികാര നടപടിയുമായി യൂത്ത് കോൺഗ്രസ്. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർക്കെതിരെയാണ് നടപടി. ജില്ലാ ഭാരവാഹികൾക്കെതിരെ അടക്കം നടപടി എടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഷ്ണു എസ് പി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്യാം ലാൽ, മാറനല്ലൂർ മണ്ഡലം പ്രസിഡന്‍റ് ജയേഷ് റോയ്, വിളവുക്കൽ മണ്ഡലം പ്രസിഡന്‍റ് അരുൺ ജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രമക്കേടിൽ ഇവർ നൽകിയ പരാതി കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.
പരാതി പുറത്തുവന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രകോപിപ്പിച്ചത്. സംഘടനയെ അപമാനിച്ചുവെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസിന്‍റെ ഉത്തരവില്‍ പറയുന്നത്. വയനാട് ഫണ്ട് പിരിവിനായി കാട്ടാക്കടയില്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ പരിച്ചെടുത്ത പണം സംസ്ഥാന നേതൃത്വത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് ഡാനിയേല്‍ കൈമറിയില്ലെന്നാണ് നേതാക്കള്‍ നല്‍കിയ പരാതി.
രാഹുൽ മാങ്കൂട്ടത്തിലിനും കെപിസിസി അധ്യക്ഷനുമാണ് ഇവർ പരാതി നൽകിയത്. പരാതിയിൽ നടപടിയെടുക്കാതെയാണ് പരാതി കൊടുത്തവർക്കെതിരെ നടപടി എടുത്തത്. പരാതി കെട്ടിച്ചമച്ചതാണെന്നും ദൃശ്യമാധ്യമങ്ങളിൽ വാർത്ത നൽകി സംഘടനയെ അപമാനിച്ചുവെന്നും സസ്പെൻഷൻ ലെറ്ററിൽ പറയുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ റഷീദ്, ചൈത്ര തമ്പാന്‍, പവിജ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.