പി ജെ കുര്യനെതിരെ കെപിസിസി അധ്യക്ഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസിനെതിരായ പ്രസ്താവനയുമായി ബന്ധപ്പെട്ട് പി ജെ കുര്യനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെരുവില്‍ പൊരുതുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാരുമായി താരതമ്യം ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് പരാതിയില്‍ പറയുന്നു.
പ്രസ്താവനയുമായി ബന്ധപ്പെട്ട് പി ജെ കുര്യനില്‍ നിന്ന് വിശദീകരണം തേടണമെന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താണ് പി ജെ കുര്യന്‍ പ്രസ്താവന നടത്തിയത്. പി ജെ കുര്യന്‍ ഉന്നയിച്ച താഴെത്തട്ടിലെ സംഘടനാ ദൗര്‍ബല്യം അംഗീകരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇന്നലെയായിരുന്നു യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ മാത്രമാണ് കാണുന്നതെന്നും എന്നാല്‍ എസ്എഫ്‌ഐ ക്ഷുഭിത യൗവ്വനത്തെ ഒപ്പം നിര്‍ത്തുന്നുവെന്നുമായിരുന്നു പി ജെ കുര്യന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിലായിരുന്നു പി ജെ കുര്യന്‍ വിമര്‍ശനം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ജില്ലാ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും വേദിയിലിരിക്കെയായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനം. ഇത് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചു.
പി ജെ കുര്യനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെഎസ്‌യു നേതാക്കളും രംഗത്തെത്തി. എസ്എഫ്ഐയുടെ അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ തെളിച്ചത്തോടെ കാണുമ്പോഴും തെരുവില്‍ എരിയുന്ന യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ കാണാനാകാത്തത് ഖേദകരമാണെന്നായിരുന്നു കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ദേവദാസ് പറഞ്ഞത്. പി ജെ കുര്യനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജനറല്‍ സെക്രട്ടറി ജിതിന്‍ ജി നൈനാന്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരുടെ മേല്‍ ഉള്ള വ്യക്തിഗത കേസുകളുടെ എണ്ണം പി ജെ കുര്യന്റെ പ്രായത്തിനെക്കാളും കൂടുതല്‍ വരുമെന്നായിരുന്നു കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അജാസ് കുഴല്‍മന്ദം പറഞ്ഞത്. വിമര്‍ശനം കനത്തപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി പി ജെ കുര്യന്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിനെതിരെ പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്ന് പി ജെ കുര്യന്‍ പ്രതികരിച്ചിരുന്നു.