റീൽ വീഡിയോ ചിത്രീകരിക്കുന്നതിനായി പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം

ബംഗളൂരു: റീൽ വീഡിയോ ചിത്രീകരിക്കുന്നതിനായി പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. പിതാവിനെ കൊറിയർ ചെയ്യാനായി യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും എത്തിയിരുന്നു. പാഴ്‌സലിന്റെ വലിപ്പം കണ്ട് എന്താണ് കൊറിയർ ചെയ്യുന്നതെന്ന് ജീവനക്കാർ ചോദിച്ചതോടെയാണ് സംഭവം പുറത്തായത്. ബംഗളൂരുവിലെ ബിസിനസ് ഡിസ്‌ട്രിക്‌റ്റിലെ സദാശിവനഗറിലുള്ള കൊറിയർ ഓഫീസിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ചാക്കിൽ എന്താണെന്ന ചോദ്യത്തിന് യുവതി മറുപടി നൽകാതായതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും ജീവനോടെയൊരാൾ പുറത്തുവരുന്നതുകണ്ട് ജീവനക്കാർ ഞെട്ടി. റീൽ വീഡിയോയ്‌ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിൽ കയറ്റിയതെന്നായിരുന്നു യുവതിയുടെ മറുപടി. റംസാൻ, ഉഗ്രാഡി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കൊറിയർ അയയ്‌ക്കുന്നതാണ് ഏകമാർഗമെന്ന് കാണിക്കാനാണ് റീലെടുക്കുന്നതെന്നും യുവതി വിശദീകരിച്ചു.
ആവശ്യം നിരസിച്ചതോടെ കൊറിയർ അയയ്‌ക്കാൻ സാധിക്കില്ലെങ്കിൽ പിന്നെന്തിനാണ് സ്ഥാപനം നടത്തുന്നതെന്ന് പറഞ്ഞ് യുവതി തങ്ങളോട് കയർത്തതായി ജീവനക്കാർ പറയുന്നു. പിതാവിനെ കൊറിയർ ചെയ്യാൻ സാധിക്കുന്ന മറ്റൊരു കൊറിയർ ഏജൻസി കണ്ടെത്താമെന്ന് പറഞ്ഞാണ് അവർ മടങ്ങിപ്പോയതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് ജീവനക്കാർ പൊലീസിൽ പരാതി നൽകിയത്. യുവതിയെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രവൃത്തി അനുചിതമാണെന്ന് കാണിച്ച് മാപ്പ് പറയുന്ന റീൽ പോസ്റ്റ് ചെയ്യിപ്പിച്ച ശേഷമാണ് വിട്ടയച്ചത്.



