ശ്രീലേഖ പാർട്ടിക്ക് ബാദ്ധ്യതയാകുമോ? കടുത്ത അതൃപ്‌തിയിൽ ബിജെപി

തിരുവനന്തപുരം: മേയർ സ്ഥാനം ലഭിക്കാത്തതിന്റെ നിരാശയിൽ അടിക്കടി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ശാസ്‌തമംഗലം വാർഡ് കൗൺസിലർ ആർ ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്‌തിയെന്ന് റിപ്പോർട്ട്. കോർപ്പറേഷൻ സ്ഥിരസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇത് മനഃപൂർവം അല്ലെന്നാണ് വിലയിരുത്തലെങ്കിലും പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

നഗരാസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പിൽ ഒപ്പിടാത്തതാണ് ശ്രീലേഖയുടെ വോട്ട് അസാധുവാകാൻ കാരണം. വോട്ട് ചെയ്യേണ്ട രീതിയെക്കുറിച്ച് പാർട്ടി കൗൺസിലർമാർക്കായി ആദ്യം നടത്തിയ ക്ലാസിൽ ശ്രീലേഖ പങ്കെടുത്തിരുന്നില്ലെന്ന് നേതാക്കൾ അറിയിച്ചു. എന്നാൽ, ഇതിലൊന്നും പാർട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ പരസ്യമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, കൗൺസിലറായി ചുമതലയേറ്റ് ദിവസങ്ങൾക്കകം ശാസ്‌തമംഗലത്തെ കോർപ്പറേഷന്റെ കെട്ടിടത്തിൽ പ്രവ‌ർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന് വി കെ പ്രശാന്തിനോട് ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. അന്ന് മുഴുവൻ വാടക കെട്ടിടങ്ങളുടെയും കണക്കെടുക്കുമെന്ന് മേയർ വി വി രാജേഷ് പറഞ്ഞതല്ലാതെ പാർട്ടിയിൽ നിന്ന് പിന്തുണ കിട്ടിയില്ലെന്ന പരിഭവത്തിലാണ് ശ്രീലേഖ.മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് ശേഷം വിജയാഘോഷങ്ങളിൽ പോലും പങ്കെടുക്കാതെയാണ് ശ്രീലേഖ മടങ്ങിയത്.

മേയറാക്കാത്തതിലെ അതൃപ്‌തിയാണെന്ന് ബോദ്ധ്യപ്പെട്ടതോടെ മേയറും ഡെപ്യൂട്ടി മേയറും ശ്രീലേഖയുടെ വീട്ടിലെത്തി അനുനയിപ്പിച്ചു. ഇതിനെല്ലാം പിന്നാലെ മേയർ സ്ഥാനം വാഗ്ദാനം ചെയ്‌താണ് തന്നെ കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിപ്പിച്ചതെന്ന വെളിപ്പെടുത്തലും പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പിന്നാലെയാണ് സ്ഥിരസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവായത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *