‘കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ? കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ’

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇ ഡി) മുന്നിൽ ഹാജരായി. കടവന്ത്രയിലെ ഓഫീസിലാണ് താരം ഹാജരായത്. പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്നും ജയറാം മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് കാണിച്ച് ഇഡി നടന് നോട്ടീസ് അയച്ചത്.
‘കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ? നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണം. 50 വർഷമായി ഞാൻ ശബരിമലയിൽ മുടങ്ങാതെ പോകുന്നു. ഉണ്ണികൃഷ്ണൻ പോറ്റി വന്നപ്പോൾ ഒരു ഭക്തൻ എന്ന നിലയിലാണ് സൗകര്യം ഒരുക്കിയത്. അതിനപ്പുറം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു ബന്ധവുമില്ല. ശബരിമലയിൽ മാത്രമല്ല മറ്റ് പല ക്ഷേത്രങ്ങളിലും അതിഥിയായി പോയിട്ടുണ്ട്. ശബരിമല കേസിൽ സത്യം പുറത്തുവരണം’- ജയറാം വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്കായി മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി കൊണ്ടുപോയ ശബരിമലയിലെ വാതിൽപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. പോറ്റിയുമായി ദീർഘകാല പരിചയം ജയറാമിനുണ്ട്. ഇവ സംബന്ധിച്ച വിശദീകരണമാണ് ഇ ഡി തേടുക. ഇരുവരും തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.ജയറാമും പോറ്റിയും ചേർന്ന് പൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇ ഡി നടപടി. സ്വർണവാതിൽ, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികൾ എന്നിവയുമായി ബന്ധപ്പെട്ട് 2019ൽ സ്വർണക്കൊള്ള
നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 മാർച്ച് മാസത്തിലാണ് പുതിയ വാതിൽ സമർപ്പിക്കുന്നത്. ജൂൺ മാസത്തിൽ കട്ടിളപ്പാളി നിർമ്മിച്ചു. സെപ്തംബറിൽ ദ്വാരപാലക പാളികൾ സമർപ്പിച്ചു. ഇതേ സമയത്ത് നടൻ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളികൾ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ സ്മാർട്ട് ക്രിയേഷൻസിൽ നടക്കുന്ന പൂജയിൽ ജയറാം പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു



