‘എന്തിനാണ് ശശി തരൂർ കോൺഗ്രസിൽ ചേർന്നത്, എന്തുകൊണ്ട് ഈ അഭിപ്രായം കമ്മിറ്റികളിൽ പോലും പറഞ്ഞില്ല’

കൊച്ചി: അടിയന്തരാവസ്ഥായെ രൂക്ഷമായി വിമർശിച്ച ശശി തരൂർ എംപിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത്. അടിയന്തരാവസ്ഥയ്‌ക്കെതിരെയും ഇന്ദിരാഗാന്ധിക്കെതിരെയും ഇത്രയും രൂക്ഷമായ അഭിപ്രായമാണ് ശശി തരൂരിനെങ്കിൽ എന്തിനാണ് കോൺഗ്രസിൽ ചേർന്നതെന്നാണ് പി ജെ കുര്യൻ ചോദിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. മുൻപ് എന്തുകൊണ്ട് ഈ അഭിപ്രായം കമ്മിറ്റികളിൽ പോലും പറഞ്ഞില്ലെന്നും കുര്യൻ ചോദിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

അടിയന്തിരാവസ്‌ഥ സംബന്ധിച്ച് ഏത് അഭിപ്രായം വച്ചു പുലർത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയിൽ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. ഇപ്പോൾ അദ്ദേഹം ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ അദ്ദേഹം കോൺഗ്രസ്സിൽ എന്തിന് ചേർന്നു?

കോൺഗ്രസ്സിന്റെ എംപിയായും മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.അന്ന് എന്തുകൊണ്ട് ഈ അഭിപ്രായം കമ്മറ്റികളിൽ പോലും പറഞ്ഞില്ല. കാരണം വ്യക്തം. കോൺഗ്രസ്‌ അന്ന് ഭരിക്കുന്ന പാർട്ടിയായിരുന്നു. കോൺഗ്രസിനോട് ചേർന്ന് നിന്നാൽ അധികാരത്തിന്റെ അപ്പ കഷ്ണങ്ങൾ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. കോൺഗ്രസ്‌ പ്രതിപക്ഷത്തും നരേന്ദ്ര മോദി അധികാരത്തിലുമാണ്. ഇപ്പോൾ വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം. ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ്സിനെയും അധിക്ഷേപിക്കണം. വിശ്വ പൗരന്റെ രാഷ്ട്രീയ നിലവാരവും ആദർശവും കൊള്ളാം. നല്ല മാതൃക തന്നെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *