പാലക്കാട് ആര് പിടിക്കും? രമേഷ് പിഷാരടിയും ശോഭ സുരേന്ദ്രനും റസാഖും നേർക്കുനേർ

പരമ്പരാഗതമായി യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും ഏറെ ചർച്ചയായ മണ്ഡലമാണ് ഇത്. 2011 മുതൽ 2024 വരെ ഷാഫി പറമ്പിലായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ 2024-ലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണക്കേസിൽ പ്രതിയായതും പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

2006ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെകെ ദിവാകരനായിരുന്നു ജയിച്ചത്. 41166 വോട്ടുകളാണ് അന്ന് അദ്ദേഹ്തതിന് ലഭിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് കോൺ​ഗ്രസിൻ്റെ എവി ​ഗോപിനാഥനായിരുന്നു. ബിജെപിയുടെ സ്ഥാനം മൂന്നാമതായിരുന്നു. 2011ലെ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ കോൺ​ഗ്രസിനു വേണ്ടി രം​ഗത്തിറങ്ങുകയും വിജയിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ കെകെ ദിവാകരൻ പരാജയപ്പെട്ടു. 2016ൽ വീണ്ടും ഷാഫി പറമ്പിൽ വിജയിച്ചു. എന്നാൽ എൽഡിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും, ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരികയും ചെയ്തു.

രമേഷ് പിഷാരടിയാണ് കോൺ​ഗ്രസിനായി ഇപ്രാവശ്യം രം​ഗത്ത് ഇറങ്ങുന്നത്. ഉപതെര‍ഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.

ബിജെപിക്കുവേണ്ടി കളത്തിലിറങ്ങുന്നത് ശോഭ സുരേന്ദ്രനാണ്. 2016ലെ തെരഞ്ഞെടുപ്പിൽ‌ ഷാഫി പറമ്പിലിൻ്റെ എതിരാളിയായിരുന്നു ശോഭ സുരേന്ദ്രൻ. ബിജെപി രണ്ടാം സ്ഥാനത്ത് എത്തുന്നതും ശോഭ സുരേന്ദ്രൻ മത്സരിക്കുമ്പോഴായിരുന്നു. അതുകൊണ്ടുതന്നെ ശോഭാ സുരേന്ദ്രന് പ്രതീക്ഷിയുള്ള തെരഞ്ഞെടുപ്പായിരിക്കും ഇത്. അതുമാത്രവുമല്ല കോൺ​ഗ്രസ് ബിജെപി ജയിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന ആരോപണവും സിപിഎം കേന്ദ്രങ്ങൾ‌ ഉന്നയിക്കുന്നുണ്ട്. കോൺ​ഗ്രസിലെ മുതിർന്ന നേതാവിനെ പാലക്കാട് മത്സരിപ്പിക്കാമായിരുന്നുവെന്നാണ് സിപിഎം വൃത്തങ്ങൾ ചോദിക്കുന്നത്. ഇത് ബിജെപി – കോൺ​ഗ്രസ് ധാരണയാണ് കാണിക്കുന്നതെന്നും ഇടതുപക്ഷം ആരോപിക്കുന്നുണ്ട്.

സിപിഎമ്മും എല്‍ഡിഎഫും, സ്വതന്ത്രനും ഹോട്ടല്‍ വ്യവസായിയുമായ എന്‍എംആര്‍ റസാഖിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും ഇതേ വിവാദം ഉണ്ടായിരുന്നു. സിപിഎമ്മിന് അതിശക്തമായ വേരുകളുള്ള പാലക്കാട് ഒരു വ്യവസായിയെ മാത്രമേ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിന് കിട്ടിയുള്ളോ?- എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. എന്‍എംആര്‍ റസാഖിന്‍റേത് പേയ്മെന്‍റ് സീറ്റാണോ എന്ന ചോദ്യവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. കാലങ്ങളായി എൽഡിഎഫും യുഡിഎഫും മാറി മാറി ജയിച്ചുവന്ന മണ്ഡലമാണ് പാലക്കാട്. 2016 മുതൽ ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു വന്നതോടെ കടുത്ത മത്സരം തന്നെയായിരിക്കും മണ്ഡലത്തിൽ നടക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അനുമാനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *