പാലോട് രവിക്ക് പകരക്കാരനാര്? തലസ്ഥാനത്ത് ഡിസിസി അധ്യക്ഷനാകാന്‍ നേതാക്കള്‍ തമ്മില്‍ വടംവലി

തലസ്ഥാനത്ത് ഡിസിസി അധ്യക്ഷനാകാന്‍ നേതാക്കള്‍ തമ്മില്‍ വടംവലി. പരിഗണനാ പട്ടികയില്‍ അഞ്ചിലധികം പേരുകള്‍ ആണുള്ളത്. മുതിര്‍ന്ന നേതാക്കളുടെയും കെസി വേണുഗോപാലിന്റെയും ഇടപെടല്‍ നിര്‍ണായകമാകുമെന്നാണ് സൂചന.
ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങിയാണ് പാലോട് രവിക്ക് പദവി നഷ്ടമായത്. പകരം ചുമതല മാത്രമാണ് എന്‍.ശക്തനുള്ളത്. രണ്ടാഴ്ചക്കുള്ളില്‍ എഐസിസി പുതിയ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം. പരിഗണനാ പട്ടികയില്‍ നിരവധിപേരുകളുണ്ട്. കെ.സി.വേണുഗോപാലിന്റെ അനുയായിയും മുന്‍ കെപിസിസി സെക്രട്ടറിയുമായ മണക്കാട് സുരേഷ്, പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ നോമിനി ചെമ്പഴന്തി അനില്‍, യുവജന നേതാവ് എന്ന നിലയില്‍ ശബരിനാഥന്‍ എന്നിവരാണ് ആദ്യ മൂന്ന് പേരുകാര്‍. മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചാല്‍ ശരത്ചന്ദ്രപ്രസാദ്, വി.എസ്.ശിവകുമാര്‍ എന്നീ പേരുകളും പട്ടികയിലുണ്ട്.
എന്നാല്‍ 16 കൊല്ലം മുന്‍പ് വഹിച്ച പദവി വീണ്ടും ഏറ്റെടുക്കാന്‍ വിഎസ് ശിവകുമാര്‍ തയ്യാറല്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പദവിയില്‍ എത്തുമെന്നാണ് ശിവകുമാര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവസാന നിമിഷം തഴയപ്പെട്ടു. പകരം ഡിസിസി അധ്യക്ഷപദവി വേണ്ടെന്നാണ് ശിവകുമാറിന്റെ നിലപാട്. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഒരു അവസരമാണ് ശിവകുമാറിന്റെ പ്രതീക്ഷ.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ നോമിനി ചെമ്പഴന്തി അനിലിന് എതിരെയുള്ള അഴിമതി ആരോപണങ്ങളും കേസുകളും അദ്ദേഹത്തിന് തിരിച്ചടിയാകുമന്നാണ് സൂചന. ഇതിനുപുറമെ എം.വിന്‍സെന്റ് എംഎല്‍എയുടെ പേരും ചില നേതാക്കള്‍ പുതുതായി മുന്നോട്ടുവയ്ക്കുന്നുണ്ട്. എംഎല്‍എ പദവിയില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യത കുറവെന്നാണ് സൂചന.
തലസ്ഥാനത്തുള്ള മുതിര്‍ന്ന നേതാക്കളായ എകെ.ആന്റണി, വി.എം.സുധീരന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവരുമായി നേതാക്കള്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. പാലോട് രവി തുടരട്ടെയെന്ന നിലപാടാണ് മുരളീധരന്‍ നേതാക്കളെ അറിയിച്ചത്. പക്ഷെ അതിനുശേഷമാണ് ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി പാലോട് രവിയെ പദവിയില്‍ നിന്ന് ഒഴിവാക്കിയത്.പാലോട് രവിയെ നിര്‍ബന്ധിപ്പിച്ച് രാജിവയ്പ്പിച്ചതില്‍ മുരളീധരന് ഇപ്പോഴും നീരസമുണ്ട്.അതേസമയം തലസ്ഥാന ജില്ലയിലെ ഡിസിസി അധ്യക്ഷന്റെ കാര്യത്തില്‍ കെസി വേണുഗോപാലിന്റെയും ഇടപെടല്‍ അവസാനം നിര്‍ണായകമാകുമെന്നാണ് സൂചന.