ആരാകും പുതിയ ഡിജിപി? ലിസ്റ്റിൽ ഈ ആറുപേർ, പട്ടികയിലെ സീനിയർ നിധിൻ അഗർവാൾ

0

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി ആരാകുമെന്ന കാര്യത്തിൽ നടപടികൾ പുരോഗമിക്കുന്നു. നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർദേസ് സാഹിബ് ജൂൺ മാസം വിരമിക്കുന്ന സാഹചര്യത്തിൽ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആറുപേരുടെ പട്ടിക കേന്ദ്രത്തിൻ്റെ അനുമതിക്കായി അയച്ചു.

30 വർഷം സേവനം പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗർവാളിൻ്റെ പേരാണ് പട്ടികയിൽ ആദ്യമുള്ളത്. ഇൻ്റലിജസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, ബറ്റാലിയൻ എഡിജിപി എംആർ അജിത് കുമാർ, എസ്പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.

എഡിജിപി മനോജ് എബ്രഹാം ജൂലൈ ഒന്നിന് ഡിജിപി തസ്തികയിലെത്തും. ഫയർഫോഴ്സ് ഡിജിപിയായ കെ പത്മകുമാർ ഏപ്രിൽ മാസം വിരമിക്കുമ്പോൾ ഡിജിപി തസ്തികയിൽ എത്തേണ്ടത് സുരേഷ് രാജ് പുരോഹിതാണ്. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയിൽ രണ്ടാമനായ സുരേഷ് രാജ് പുരോഹിതിന് ഒരു വർഷം കൂടി സേവനം നീട്ടിൽ നൽകിയതിനാൽ കേരളത്തിലേക്ക് എത്താൻ സാധ്യതയില്ല. യോഗേഷ് ഗുപ്‌തയ്ക്ക് 2030 വരെ സര്‍വീസും മനോജ് എബ്രഹാമിന് 2031 വരെയും സര്‍വീസ് അവശേഷിക്കുന്നുണ്ട്. എംആര്‍ അജിത്കുമാര്‍ 2028ല്‍ വിരമിക്കും.

കേരളം അയക്കുന്ന പട്ടികയിൽ നിന്നും മൂന്ന് പേരുടെ പേരുകൾ കേന്ദ്രം തിരച്ചയക്കും. ഇതിൽ നിന്ന് സംസ്ഥാന സർക്കാർ പുതിയ പോലീസ് മേധാവിയെ നിശ്ചയിക്കും. അടുത്ത പോലീസ് മേധാവിയുടെ പരിഗണനാ പട്ടിക തയാറാക്കുന്നത് സംസ്ഥാന പോലീസ് മേധാവിയാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുന്ന ഈ പട്ടിക തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. യുപിഎസ്‌സി ചെയര്‍മാന്‍, വിമരിക്കുന്ന സംസ്ഥാന പോലീസ് മേധാവി, ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പെഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി എന്നവരടങ്ങിയ കമ്മിറ്റിയാണ് ലിസ്റ്റില്‍ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുത്ത് സംസ്ഥാന സര്‍ക്കാരിന് കൈമാറുക.

മുൻ എംഎൽഎ പിവി അൻവറിൻ്റെ തൃശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനായ എംആർ അജിത് കുമാറിനാണ് സാധ്യത കൂടുതൽ. കേന്ദ്രം കൈമാറുന്ന പട്ടികയിൽ എംആർ അജിത് കുമാറിൻ്റെ പേരുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് കാര്യങ്ങൾ എളുപ്പമാകും. നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർദേസ് സാഹിബ് വിരമിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെയാണ് പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള ആലോചനകൾ സജീവമായി തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here