1.4 കോടി കുട്ടികൾക്ക് കഴിഞ്ഞ വർഷം ഒരു ഡോസ് വാക്സിൻ പോലും ലഭിച്ചില്ലെന്ന് ലോകാരോഗ്യ സംഘടന

ലണ്ടൻ: ലോകത്ത് 1.4 കോടി കുട്ടികൾക്ക് കഴിഞ്ഞ വർഷം ഒരു ഡോസ് വാക്സിൻ പോലും ലഭിച്ചില്ലെന്ന് ലോകാരോഗ്യ സംഘടന. ഇതിൽ പാതിയും ഉൾപ്പെടുന്നത് ഒൻപത് രാജ്യങ്ങളിൽ; അതിൽ ഇന്ത്യയും ഉൾപ്പെടുന്നു.

ഈ വർഷം അമേരിക്കയുടെ പിൻമാറ്റത്തോടെ അന്തർദേശീയ സഹായധനത്തിൽ കൂടുതൽ തിരിച്ചടി ഉണ്ടാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു. ജനുവരിയിൽ പ്രസിഡന്റ് ട്രംപ് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്കയെ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. എല്ലാ സഹായങ്ങളിൽ നിന്നും പിൻമാറുകയും യു.എസ് എയിഡ് ഏജൻസി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തന്നെയുമല്ല നേരത്തെ അവർ വാഗ്ദാനം ചെയ്തിരുന്ന കോടികളുടെ സഹായത്തിൽ നിന്ന് ഒറ്റയടിക്ക് പിൻമാറുകയും ചെയ്തു.

2024 ൽ 89 ശതമാനം കുട്ടികൾക്ക് ഡിഫ്തീരിയ, ടെറ്റനസ്, വുപ്പിങ് കഫ് എന്നിവയുടെ ഒന്നാം ഡോസ് ലഭിച്ചിരുന്നു. 2023 ലും ഇതുതന്നെയായിരുന്നു കണക്ക്. 2023 മുതൽ 85 ശതമാനം മുന്ന് ഡോസ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനയും യുനിസെഫും അവരുടെ വാർഷിക ആഗോള വാക്സിൻ കണക്കെടുപ്പ് റിപ്പോർട്ടിൽ പറയുന്നു.

വാക്സിനുകൾ ലോകത്ത് 35 ലക്ഷം മുതൽ 50 ലക്ഷം വരെ മരണങ്ങൾ തടയുന്നതായാണ് കണക്കുകൾ. അപ്രതീക്ഷിതമായി ധനസഹായത്തിൽ വന്ന കുറവ്, വാക്സിനുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള അഭൂഹങ്ങൾ തുടങ്ങിയവ തിരിച്ചടിയായതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധാനം ഘെബ്രെയ്സ്‍സ് പറയുന്നു.

ഡിഫ്തീരിയ, ടെറ്റനസ്, വൂപ്പിങ് കഫ് എന്നിവക്കെതിരെ ഏറ്റവും കുറച്ച് പ്രതിരോധം നൽകിയ രാജ്യം സുഡാനാണ്. വാക്സിൻ ലഭിക്കാത്ത 52 ശതമാനം കുട്ടികൾ 9 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യ, നൈജീരിയ, സുഡാൻ, കോംഗോ, എത്യോപിയ, ഇന്റോനേഷ്യ, യമൻ, അഫ്ഗാനിസ്ഥാൻ, അംഗോള തുടങ്ങിയ രാജ്യങ്ങളാണിവ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *