ഏറ്റവും മികച്ചത് സച്ചിനോ കൊഹ്‌ലിയോ? വെളിപ്പെടുത്തി മുൻ ഇതിഹാസ താരം

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് വമ്പൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ വിരാട് കൊഹ്‌ലി എന്നിവരിൽ ഏകദിന ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്റർ ആരാണെന്നാണ് ക്രിക്കറ്റ് ലോകം വീണ്ടും ചർച്ച ചെയ്യുന്നത്. റാഞ്ചിയിൽ കൊഹ്‌ലി തന്റെ 52-ാം ഏകദിന സെഞ്ച്വറി നേടിയതിന് പിന്നാലെ മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ കൊഹ്‌ലിയുടെ സ്ഥാനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയതാണ് ശ്രദ്ധേയമാകുന്നത്. മിഡ് ഇന്നിംഗ്സ് ബ്രേക്കിനിടെ ജിയോസിനിമയിൽ സംസാരിക്കവെയാണ് ഗവാസ്‌കർ തന്റെ അഭിപ്രായം തുറന്നു പറയുന്നത്.

സാധാരണഗതിയിൽ താരങ്ങളെ പ്രശംസിക്കുമ്പോൾ ഏറെ ശ്രദ്ധാലുവായ ഗവാസ്‌കർ കൊഹ്‌ലി ഏകദിന ക്രിക്കറ്റിൽ കൈവരിച്ച നേട്ടം വളരെകുറച്ച് കളിക്കാർക്കുമാത്രം സാധിക്കുന്ന നേട്ടമാണെന്നും ആ നേട്ടങ്ങൾ ആർക്കും മറികടക്കാൻ കഴിയാത്ത തലത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിരാട് കൊഹ്‌ലിയുടെ റെക്കാഡ് നേട്ടത്തെക്കുറിച്ച് സംസാരിച്ച ഗവാസ്‌കർ, അദ്ദേഹത്തോടൊപ്പം കളിച്ചവരും എതിരാളികളായി കളിച്ചവരുമടക്കം മിക്കവരും കൊഹ്‌ലിയുടെ മിടുക്ക് അംഗീകരിക്കുന്നുവെന്നും പറയുന്നുണ്ട്.

ഇത് എന്റെ മാത്രം അഭിപ്രായമല്ല. കൊഹ്‌ലിയോടൊപ്പം കളിച്ചവരും എതിരാളികളായി കളിച്ചവരും അദ്ദേഹം ഏകദിന ഫോർമാറ്റിലെ ഏറ്റവും മികച്ച താരമാണെന്ന് സമ്മതിക്കുന്നുണ്ട്,’ ഗവാസ്കർ പറഞ്ഞു. കൊഹ്‌ലിയുടെ 52 ഏകദിന സെഞ്ച്വറികളാണ് മുൻ ഇതിഹാസ താരത്തിന്റെ വാദം ശരിവയ്ക്കുന്നത്. ഏതാനും ചില കളിക്കാർക്ക് മാത്രം എത്തിപിടിക്കാൻ കഴിയുന്ന നേട്ടമാണ് കൊഹ്‌ലി കൈവരിച്ചതെന്ന് ഗവാസ്‌കർ പറഞ്ഞു. മത്സരങ്ങളിലെ സ്ഥിരത, നീണ്ട കരിയർ, കളിയിൽ നിർണായക ഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്താനുള്ള പ്രാഗത്ഭ്യം തുടങ്ങിയവ അദ്ദേഹത്തിന്റെ ഈ നേട്ടത്തിന് സഹായകമാകുന്നുണ്ട്.

തന്റെ നിലപാടിനെ സ്വയം പിന്തുണച്ച് ക്രിക്കറ്റിലെ മറ്റൊരു കടുത്ത വിമർശകനായ റിക്കി പോണ്ടിംഗിനെയും ഗവാസ്‌കർ ഉദാഹരിച്ചു. മുൻ ഓസ്‌ട്രേലിയൻ ക്യാപ്ടനായ പോണ്ടിംഗ്, അടുത്തിടെ കൊഹ്‌ലിയാണ് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏകദിന കളിക്കാരനെന്ന് അഭിപ്രായപ്പെട്ടിരുന്നു. ‘ഒരു ഓസ്‌ട്രേലിയൻ താരത്തിൽ നിന്ന് പ്രശംസ നേടുകയെന്നത് വളരെ അപൂർവമാണ്. അതിനാൽ ഒരു ഓസ്‌ട്രേലിയൻ താരം കൊഹ്‌ലിയാണ് ഏറ്റവും മികച്ചതെന്ന് പറഞ്ഞാൽ അതിൽ യാതൊരു തർക്കവുമില്ല,’ ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *