പൃഥ്വിരാജ് പ്രസംഗം അവസാനിച്ച് പോയപ്പോൾ രാജമൗലി പറഞ്ഞത് ഒറ്റ കാര്യം മാത്രം

മലയാളത്തിൽ സംസാരിച്ച് ആരാധകരെ ഞെട്ടിച്ച് പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി. ‘വാരാണസി’ എന്ന ചിത്രത്തിന്റെ ഗ്ലോബ്ട്രോട്ടർ ഇവന്റിൽ നടൻ പൃഥ്വിരാജിനോടാണ് രാജമൗലി മലയാളത്തിൽ സംസാരിച്ചത്. 50,000 പേര് പങ്കെടുത്ത ഹെെദരാബാദ് റാമോജി ഫിലിം സിറ്റിയിലെ പരിപാടിയിലാണ് രാജമൗലി അപ്രതീക്ഷിതമായി മലയാളം സംസാരിച്ചത്.
ഇതിന് പൃഥ്വിരാജും മലയാളത്തിൽ മറുപടി പറയുന്നുണ്ട്. പൃഥ്വിരാജ് തന്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങവേ സദസിലിരുന്ന് രാജമൗലി മെെക്കിലൂടെ ‘എന്താ മാഷേ, അടിപൊളി’ എന്ന് പറയുകയായിരുന്നു. ഇത് കേട്ട് നടൻ മഹേഷ് ബാബു ഉൾപ്പടെയുള്ളവർ ചിരിക്കുന്നതും ചെറിയ ഞെട്ടലോടെ പൃഥ്വിരാജ് ‘നമുക്ക് കൊച്ചിയിലും കാണണം സാർ’ എന്ന് പറയുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സദസിലുണ്ടായിരുന്നു.
മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസി എന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രത്തിൽ ‘കുംഭ’ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആഫ്രിക്കൻ ജംഗിൾ അഡ്വഞ്ചർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് 1000 കോടി മുകളിലാണ് ബഡ്ജറ്റ്. ആർ. ആർ. ആറിനുശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തെ ലോക സിനിമതന്നെ ഉറ്റുനോക്കുകയാണ്. പല ഷെഡ്യൂളിലായി മൂന്ന് വർഷം നീളുന്നതാണ് ചിത്രീകരണം. 2028 ൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.



