‘അന്ന് സംഭവിച്ചതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല; ബിന്ദുവിനെ കുടുക്കാനുള്ള പൊലീസിന്റെ കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം∙ ‘അന്ന് സംഭവിച്ചതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. മാല ഞാൻ എടുത്തിട്ടില്ല എന്നു കാലുപിടിച്ചു പറഞ്ഞതാണ്. എന്നിട്ടും മാല കൊടുക്കണമെന്ന് പൊലീസ് പറഞ്ഞു. പ്രസന്നൻ എന്ന പൊലീസുകാരനാണ് കൂടുതൽ ദ്രോഹിച്ചത്’–പൊട്ടിക്കരഞ്ഞുകൊണ്ട് ബിന്ദു പറയുന്നു.
ബിന്ദു ജോലി ചെയ്തിരുന്ന ഓമന ഡാനിയലിന്റെ പേരൂർക്കടയിലെ വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നായിരുന്നു പരാതി. പൊലീസ് സ്റ്റേഷനിലെത്തിച്ച് ഒരു ദിവസം മുഴുവൻ ബിന്ദുവിനെ ചോദ്യം ചെയ്തു. കുടിക്കാൻ വെള്ളംപോലും നൽകിയില്ല. പിന്നീട് ഓമനയും വീട്ടുകാരും നടത്തിയ തിരച്ചിലിൽ സോഫയ്ക്ക് അടിയിൽനിന്ന് മാല കിട്ടി. മാല സോഫയ്ക്ക് അടിയിൽവച്ച കാര്യം ഓമന ഡാനിയൽ മറന്നു പോയിരുന്നു. മാല കിട്ടിയ കാര്യം വീട്ടുകാർ പൊലീസിനെ അറിയിച്ചു.
എന്നാൽ, വീട്ടിനു പുറകിലെ ചവറുകൂനയിൽനിന്നാണ് മാല കിട്ടിയതെന്ന് പൊലീസ് വാദിച്ചു. നിരന്തര പോരാട്ടത്തിനൊടുവിൽ ബിന്ദുവിന് അനുകൂലമായി ക്രൈംബ്രാഞ്ച് റിപ്പോർട്ടു വന്നു. ഓമനയുടെ മറവിയാണ് പ്രശ്നമായതെന്നും മോഷണം നടന്നിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
∙ ബിന്ദുവിന്റെ പ്രതികരണം ‘ ഇപ്പോൾ സന്തോഷമുണ്ട്. പൊലീസാണ് ഇതെല്ലാം ചെയ്യിപ്പിച്ചത്. മാല കിട്ടിയെന്നു ഓമന പറഞ്ഞിട്ടും പൊലീസ് കുറ്റം എന്റെ തലയിൽ കെട്ടിവച്ചു. മാല കിട്ടിയെന്ന് ഓമന പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ പ്രതിയാകുമായിരുന്നു. പൊലീസിനൊപ്പമാണ് ഓമന ഡാനിയലും മകളും നിന്നത്. പൊലീസിനെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്. പൊലീസിനും ഓമനയ്ക്കും കുറ്റമില്ലാതായി. എല്ലാ കുറ്റവും എനിക്കായി.
മാല എങ്ങനെ ചവറുകൂനയിൽ വന്നു എന്നറിയാനും നിരപരാധിത്വം തെളിയിക്കാനുമാണ് കേസുമായി പോയത്. നീതി കിട്ടുമെന്ന് ഉറപ്പാണ്. ഞാൻ ചെയ്യാത്ത കാര്യമാണ്. ഓമന ഡാനിയലിനു പിന്തുണ നൽകിയത് പ്രസാദെന്ന പൊലീസുകാരനാണ്. പൊലീസ് സ്റ്റേഷനിൽനിന്നും എന്നെ ചോദ്യം ചെയ്തു വിട്ടയച്ചിട്ടും മാല കിട്ടിയകാര്യം പറഞ്ഞില്ല. സ്റ്റേഷനു പുറത്തെ റോഡിലെത്തിയപ്പോഴാണ് വീടിനടുത്തുള്ള റിട്ട.ആയ പൊലീസുകാരൻ മാല കിട്ടിയ കാര്യം പറഞ്ഞത്. ഞാൻ ചെയ്യാത്ത കുറ്റമായതുകൊണ്ടാണ് കേസ് കൊടുത്തത്. അവർക്ക് പണം ഉണ്ട്. സ്വാധീനം ഉണ്ട്. അതുകൊണ്ടായിരിക്കാം പൊലീസ് കൂടെനിന്നത്