വൈസ് ക്യാപ്ടനായിരുന്നിട്ടും ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിൽ ഗംഭീറോ?​ മുൻകൂട്ടി അറിയിച്ചില്ലെന്ന് ആരോപണം

ന്യൂഡൽഹി: യുവതാരം ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്ടനായിരുന്നിട്ടും 2026 ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ബിസിസിഐ ഒഴിവാക്കിയതിനു പിന്നിൽ ഗംഭീറാണെന്ന് അഭ്യൂഹം. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ തീരുമാനങ്ങളെ മറികടന്ന് ഗില്ലിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. വാർത്താ ഏജൻസിയായ പിടിഐ ആണ് ബിസിസിഐ ഉദ്ധരിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

അതേസമയം, മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിംഗ് എന്നിവരെ ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തത് ടീം കോമ്പിനേഷൻ കൃത്യമായി നിലനിർത്തുന്നതിന്റെ ഭാഗമാണെന്നും കഴിഞ്ഞ ദിവസം അഗാർക്കർ വ്യക്തമാക്കിയിരുന്നു. ലക്നൗവിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20 മത്സരം പുകമഞ്ഞ് മൂലം ഉപേക്ഷിച്ച അന്ന് തന്നെ ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ ഗംഭീറും സെലക്ടർമാരും എത്തിയതായാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ സെലക്ടർമാരോ നായകൻ സൂര്യകുമാർ യാദവോ ഇക്കാര്യം ഗില്ലിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നെറ്റ്സിൽ പരിശീലനത്തിനിടെ ഗില്ലിന്റെ കാൽവിരലിന് പരിക്കേറ്റിരുന്നു. പരിക്ക് ഗൗരവമുള്ളതാണെന്ന് ആദ്യം കരുതിയെങ്കിലും പരിശോധനയിൽ ചെറിയ ചതവ് മാത്രമാണുള്ളതെന്ന് തെളിഞ്ഞു. അഹമ്മദാബാദിലെ അവസാന മത്സരത്തിൽ കളിക്കാൻ താൻ തയ്യാറാണെന്ന് താരം അറിയിച്ചിരുന്നെങ്കിലും മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഗില്ലിനെ മാറ്റി നിർത്തുകയായിരുന്നു. ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം നേരത്തെ തന്നെ ബിസിസിഐ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കെന്ന് പറഞ്ഞ് ഗില്ലിനെ മാറ്റിനിർത്തുകയായിരുന്നു. എന്നാൽ ഇത് ഗില്ലിനെ ഒഴിവാക്കാൻ ടീം മാനേജ്‌മെന്റ് കണ്ടെത്തിയ കാരണമായിരുന്നുവെന്നാണ് സൂചന.

മുൻപ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിന്റെ പേരിൽ ഗില്ലിനെ ഏഷ്യാ കപ്പ് വൈസ് ക്യാപ്ടനാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ ദേശീയ സെലക്ടർ അഭിപ്രായപ്പെട്ടിരുന്നു. ഫലത്തിന് മുൻഗണന നൽകുന്ന ഗൗതം ഗംഭീറിന്റെ ശൈലിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ടീമിൽ തുടർച്ച നിലനിർത്തുന്നതിനേക്കാൾ ഫോമിന് പ്രാധാന്യം നൽകുന്ന ഗംഭീർ, അഗാർക്കറുടെമേൽ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മോശം ഫോം ഗില്ലിന് തിരിച്ചടിയായെങ്കിലും കൈകാര്യം ചെയ്ത രീതി ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് വിവരം. നായകൻ സൂര്യകുമാർ യാദവിന്റെ ഫോമും നിലവിൽ മന്ദതയിലാണ്. ഇനിയും പ്രകടനം മോശമായാൽ സൂര്യകുമാറിന്റെ ക്യാപ്ടൻ സ്ഥാനവും ടീമിലെ ഇടവും ബിസിസിഐ തെറിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *